District News
ചങ്ങനാശേരി: നാലുകോടി റെയില്‍വേ മേല്‍പ്പാലം 2028 ഒക്ടോബറോടെ പൂര്‍ത്തിയാക്കുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിച്ചു. ദക്ഷിണ റെയില്‍വേ ചീഫ് ബ്രിഡ്ജസ് എന്‍ജിനിയര്‍ രാം കിഷോര്‍, വിനു ജോബ് എംഎല്‍എ എന്നിവര്‍ക്കൊപ്പം പദ്ധതിസ്ഥലം സന്ദര്‍ശിച്ച് പുരോഗതി വിലയിരുത്തിയ ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
റെയില്‍വേ ലെവല്‍ ക്രോസിംഗ് നമ്പര്‍ ഏഴിന് പകരമായാണ് മേല്‍പ്പാലം നിര്‍മിക്കുന്നത്. പെരുന്തുരുത്തി-ഏറ്റുമാനൂര്‍ ബൈപാസില്‍ പെരുന്തുരുത്തിക്കും നാലുകോടിക്കും ഇടയിലാണ് ഈ ലെവല്‍ക്രോസ് സ്ഥിതി ചെയ്യുന്നത്.
പ്രതിദിനം നിരവധി ട്രെയിനുകള്‍ കടന്നുപോകുന്നതിനാല്‍ റെയില്‍വേ ഗേറ്റ് ദീര്‍ഘനേരം അടഞ്ഞുകിടക്കുന്നത് ഗതാഗതക്കുരുക്കിനും അടിയന്തര സേവന വാഹനങ്ങളുടെ സഞ്ചാരത്തിനും വലിയ തടസമാണ്. ഈ ലെവല്‍ക്രോസില്‍ മേല്‍പ്പാലം യാഥാര്‍ഥ്യമാകുന്നതോടെ ഈ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരമാകും.
39.09 കോടി രൂപയുടെ പദ്ധതി
39.09 കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്പറേഷന് ഓഫ് കേരളയാണ് നിര്‍വഹണ ഏജന്‍സി. ഇന്ത്യന്‍ റെയില്‍വേയും കേരള സര്‍ക്കാരും 50:50 അനുപാതത്തിലാണ് പദ്ധതിയുടെ ചെലവ് വഹിക്കുന്നത്. പദ്ധതിയുടെ വിശദമായ രൂപരേഖ കിഫ്ബി നേരത്തേ അംഗീകരിച്ചിരുന്നു.
തുടര്‍ന്ന് ഇന്ത്യന്‍ റോഡ്സ് കോണ്‍ഗ്രസിന്റെ പുതുക്കിയ മാനദണ്ഡങ്ങള്‍ക്കും റെയില്‍വേയുടെ നിലവിലെ ബ്രിഡ്ജ് കോഡുകള്‍ക്കും അനുസൃതമായി ജനറല്‍ അറേഞ്ച്മെന്റ് ഡ്രോയിംഗ് പുനഃപരിശോധിച്ച് ഈ വര്‍ഷം ജൂണില്‍ ദക്ഷിണ റെയില്‍വേയ്ക്ക് സമര്‍പ്പിച്ചു.
റെയില്‍വേയുടെ ബ്രിഡ്ജസ് ഓര്ഗനൈസേഷന് വിശദമായ സാങ്കേതിക പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം പുതുക്കിയ ജിഎഡി അംഗീകാരം നല്‍കിയതോടെ പദ്ധതി ടെന്‍ഡര്‍ ഘട്ടത്തിലേക്ക് കടക്കുന്നതിനുള്ള പ്രധാന സാങ്കേതിക അനുമതികള്‍ ലഭ്യമായിട്ടുണ്ട്.
ഭൂമി ഏറ്റെടുക്കലിന് നാലുകോടി രൂപ
പുതുതായി മേല്‍പ്പലം നിര്‍മിക്കുന്നതിന് ആവശ്യമായ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായി. നാലുകോടി രൂപ നഷ്ടരിഹാരമായി നൽകി. തുടര്‍ന്ന് കെട്ടിടങ്ങള്‍ പൊളിച്ചുനീക്കല്‍, വൈദ്യുതി, കുടിവെള്ളം, ടെലികോം തുടങ്ങിയ യൂട്ടിലിറ്റി ലൈനുകളുടെ മാറ്റിസ്ഥാപിക്കല്‍, മണ്ണിന്റെ ഭൗമസാങ്കേതിക പരിശോധനകള്‍, പൈല് ലോഡ് ടെസ്റ്റ്, ഫൗണ്ടേഷന് ഡിസൈന്‍ സ്ഥിരീകരണം എന്നിവ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും പ്രധാന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്.
ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ പൈല് ഫൗണ്ടേഷന്, പിയര്‍, പിയര്‍ ക്യാപ്, പ്രീ-സ്ട്രെസ്ഡ് കോണ്‍ക്രീറ്റ് ഗര്‍ഡറുകളുടെ സ്ഥാപനം, ഡെക്ക് സ്ലാബ് നിര്‍മാണം, അപ്രോച്ച് റോഡുകള്‍, റിട്ടെയ്നിംഗ് വാളുകള്‍, ഡ്രെയിനേജ് സംവിധാനം, ക്രാഷ് ബാരിയറുകള്‍, സ്ട്രീറ്റ് ലൈറ്റിംഗ്, റോഡ് സുരക്ഷാ സംവിധാനങ്ങള്‍ എന്നിവ ഘട്ടംഘട്ടമായി നടപ്പാക്കും.
റെയില്‍വേ ട്രാക്കിന് മുകളിലെ ഗര്‍ഡര്‍ സ്ഥാപിക്കല്‍ പ്രവര്‍ത്തനങ്ങള്‍ റെയില്‍വേ ട്രാഫിക് ബ്ലോക്ക് അനുവദിക്കുന്ന സമയക്രമം അനുസരിച്ചായിരിക്കും. പദ്ധതിയുടെ ഓരോ ഘട്ടവും സമയബന്ധിതമായി പൂര്‍ത്തിയാക്കി 2028 ഒക്ടോബറോടെ മേല്‍പ്പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കുകയാണ് ലക്ഷ്യം.
റെയില്‍വേ, സംസ്ഥാന സര്‍ക്കാര്‍, ആര്ബിഡസികെ, ബന്ധപ്പെട്ട എല്ലാ വകുപ്പുകളുമായും തുടര്‍ച്ചയായ ഏകോപനം നടത്തി നിര്‍മാണം വേഗത്തിലാക്കും. ആര്‍ബിഡിസികെ, ദക്ഷിണ റെയില്‍വേ, റവന്യൂ വകുപ്പ്, പൊതുമരാമത്ത് വകുപ്പ് എന്നിവയിലെ ഉദ്യോഗസ്ഥര്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ എന്നിവവരും പങ്കെടുത്തു.
District News
ചങ്ങനാശേരി: മാടപ്പള്ളി പഞ്ചായത്ത് എട്ടാംവാര്‍ഡില്‍ മാമ്മൂട്-ചേറ്റുവാങ്കലിനു സമീപം മരിയന്ലൈന് ഭാഗത്ത് വീടുകള്‍ക്ക് ഭീഷണിയായി നിലകൊണ്ട അറുപതടിയോളം ഉയരത്തിലുള്ള മണ്‍തിട്ട നീക്കിത്തു തുടങ്ങി. ജനജീവിതത്തിനു ഭീഷണിയൊഴിവാകുന്നവിധത്തിലാണ് മണ്ണെടുത്തുമാറ്റുന്നത്.
മാടപ്പള്ളി പഞ്ചായത്തും ജില്ലാ റവന്യുവകുപ്പും തയാറാക്കിയ പ്ലാനിന്റെയും സ്ക്വച്ചിന്റെയും അടിസ്ഥാനത്തില്‍ ജിയോളജി വകുപ്പ് പാസ് നല്‍കിയാണ് മണ്ണെടുപ്പ് നടത്തുന്നത്. പഞ്ചായത്ത് അസി. എന്‍ജിനിയര്‍ മണ്ണെടുപ്പിന് മേല്‍നോട്ടം വഹിക്കും.
വയനാട് മേപ്പാടി മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തിലും നേരത്തേ ഇവിടെ മണ്ണിടിച്ചിലുണ്ടായ സാഹചര്യത്തിലും അരകിലോമീറ്ററോളം ദൂരത്തിലുള്ള കൂറ്റന്മണ്തിട്ട 16 കുടുംബങ്ങളുടെ ജീവിതത്തിന് ആശങ്കയിലാണെന്ന് ദീപിക റിപ്പോര്‍ട്ട് ചെ യ്തിരുന്നു.
മാടപ്പള്ളി വികസനസമിതി ചെയര്മാന് ബാബുകുട്ടന്‍ചിറ, ബ്ലോക്ക് പഞ്ചായത്തംഗം ജി.അശോക്, പഞ്ചായത്ത് വാര്‍ഡംഗം സൈന തോമസ് എന്നിവരുടെ നേതൃത്വത്തില്‍ മാടപ്പള്ളി പഞ്ചായത്ത്, റവന്യു അധികൃതര്‍ക്ക് നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് മണ്ണെടുക്കല്‍ നടപടികള്‍ വേഗത്തിലായത്.
നാനൂറോളം മീറ്റര്‍ ഭാഗത്താണ് പത്തടി മുതല്‍ അറുപതടിവരെ ഉയരത്തില്‍ മണ്‍തിട്ട നിലകൊള്ളുന്നത്.
District News
ചെത്തിപ്പുഴ: പ്ലാസിഡ് വിദ്യാവിഹാര്‍ സീനിയര്‍ സെക്കന്‍ഡറി സ്കൂളിലെ പത്ത്, പ്ലസ്ടു ക്ലാസുകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്കുള്ള മെറിറ്റ് അവാര്‍ഡ്ദാനം എക്സലെന്ഷിയ-2026 സമ്മേളനം മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു.
ക്രിസ്തുജ്യോതി ഗ്രൂപ്പ് മാനേജര്‍ ഫാ. തോമസ് മണ്ണൂപറമ്പില്‍ സിഎംഐ അധ്യക്ഷത വഹിച്ചു.
വിനു ജോബ് എംഎല്‍എ, നഗരസഭ ചെയര്മാന് ജോമി ജോസഫ്, മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാലിമ്മ ടോമി, പ്ലാസിഡ് വിദ്യാവിഹാര്‍ പ്രിന്‍സിപ്പല്‍ ഫാ. സേവ്യര്‍ അമ്പാട്ട് സിഎംഐ, മുഹമ്മ കെഇ കാര്‍മല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. സ്കറിയ എതിരേറ്റ് സിഎംഐ, ക്രിസ്തുജ്യോതി കോളജ് ഡയറക്ടര്‍ ഫാ. ജസ്റ്റിന് ആലുങ്കല്സിഎംഐ,
ക്രിസ്തുജ്യോതി വിദ്യാനികേതന്‍ പ്രിന്‍സിപ്പല്‍ ഫാ. സെജു കാട്ടിപ്പറമ്പില്‍ സിഎംഐ, ക്രിസ്തുജ്യോതി ഗ്രൂപ്പ് ബര്‍സാര്‍ ഫാ. അഖില്‍ കരിക്കാത്തറ സിഎംഐ, പിടിഎ പ്രസിഡന്റ് സിറില്‍ ജോയി എന്നിവര്‍ പ്രസംഗിച്ചു.
District News
മാമ്മൂട്: മാമ്മൂട്- ചേറ്റുവാങ്കലിനു സമീപം മരിയന്ലൈനില് എതിര്‍ദിശയില്‍ മുന്നൂറോളം മീറ്റര്‍ ദൂരത്തില്‍ 55 അടി ഉയരത്തില്‍ മറ്റൊരു മണ്‍തിട്ട അപകടഭീഷണിയായി നിലകൊള്ളുന്നുണ്ട്. ഈ മണ്‍തിട്ടയുടെ സമീപമുള്ള 12 വീടുകള്‍ അപകടഭീഷണി നേരിടുകയാണ്.
ഈ മണ്‍തിട്ടയിലെ മണ്ണ് എടുത്തുമാറ്റി അപകടാവസ്ഥ പരിഹരിക്കണമെന്നാണ് വീട്ടുകാരുടെ ആവശ്യം. ഇക്കാര്യത്തില്‍ പഞ്ചായത്ത്, ജില്ലാ ഭരണകൂടം എന്നിവര്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് മാടപ്പള്ളി വികസന സമിതി പ്രസിഡന്റ് ബാബു കുട്ടന്‍ചിറ ആവശ്യപ്പെട്ടു.
District News
നെടുങ്കുന്നം: സെന്റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ്സ് ഇംഗ്ലീഷ് സ്കൂളില്‍ കെസിഎസ്എല്‍ യൂണിറ്റിന്റെ ഉദ്ഘാടനം നടത്തി. ചങ്ങനാശേരി അതിരൂപത കെസിഎസ്എല്‍ ഡയറക്ടര്‍ ഫാ. ജേക്കബ് കളത്തിവീട്ടില്‍ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ ഫാ. വര്‍ഗീസ് കൈതപ്പറമ്പില് അധ്യക്ഷത വഹിച്ചു.
അതിരൂപതയിലെ കഴിഞ്ഞ വര്‍ഷത്തെ കെസിഎസ്എല്‍ എമേര്‍ജിംഗ് അവാര്‍ഡ് നേടിയ സ്കൂള്‍ യൂണിറ്റിനെ ആദരിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍ ടിന്റു മാത്യു, വൈസ് പ്രിന്‍സിപ്പല്‍ ഫാ. ജോണ്സന് ചാലക്കല്‍, സ്കൂള്‍ കെസിഎസ്എല്‍ പ്രതിനിധി അലീന മേരി ജോഷി, സ്കൂള്‍ കെസിഎസ്എല്‍ പ്രതിനിധി അജാക്സ് ഷിന്റോ എന്നിവര്‍ പ്രസംഗിച്ചു.
District News
അയർക്കുന്നം: കനത്ത മഴയിൽ അയർക്കുന്നം-മറ്റക്കര റോഡിന്റെ ആരംഭഭാഗത്ത് വീണ്ടും കുഴികൾ. നേരത്തേയുണ്ടായ കുഴികൾ ഭാഗികമായി അടച്ചെങ്കിലും റോഡിൽ പുതിയ കുഴികൾ രൂപപ്പെട്ടത് വാഹന യാത്രികർക്കു ഭീഷണിയാകുന്നു.
വാഹനങ്ങൾ കടന്നുപോകുമ്പോൾ കാൽനടയാത്രക്കാരുടെ മേൽ ചെളിവെള്ളം തെറിക്കുന്നത് പതിവായിരിക്കുകയാണ്. മുന്‍പ് നടത്തിയ അറ്റകുറ്റപ്പണി നിലവാരം പുലർത്താത്തതും മഴവെള്ളം ഒഴുകിപ്പോകാത്തതുമാണ് കുഴി രൂപപ്പെടാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. അപകടങ്ങൾ പതിവായതോടെ പ്രതിഷേധത്തെത്തുടർന്നാണ് നേരത്തേ കുഴികൾ മൂടാൻ അധികൃതർ നടപടിയെടുത്തത്.
മഴക്കാലമെത്തിയതോടെ കുഴിയിൽ വെള്ളം കെട്ടിനിൽക്കുന്നത് യാത്രക്കാരെ കൂടുതൽ ദുരിതത്തിലാക്കി. കുഴികൾ വീണ്ടും വരാത്ത രീതിയിൽ ശാശ്വതമായി അടയ്ക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
District News
മാലം: അമയന്നൂര്‍ ജ്യോതിര്‍ഭവനിലെ അമ്മമാര്‍ക്ക് സ്നേഹപ്പൊതികളുമായി മൗണ്ട് മേരി പബ്ലിക് സ്കൂളിലെ വിദ്യാര്‍ഥികള്‍. കഴിഞ്ഞ 13 വര്‍ഷമായി മുടക്കമില്ലാതെയാണ് ഈ സേവന പ്രവര്‍ത്തനം നടത്തുന്നത്.
എല്ലാ വ്യാഴാഴ്ചകളിലും ഓരോ ആഴ്ചയിലും ഓരോ ക്ലാസുകാരാണ് ഭക്ഷണം കൊണ്ടുവരുന്നത്. ഇതിനു പുറമെ ക്ലാസ് മുറികളില്‍ വച്ചിരിക്കുന്ന കാരുണ്യക്കുടുക്കയില്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്നു പണം നിക്ഷേപിച്ചും ലഭിക്കുന്ന തുകയും നിര്‍ധനര്‍ക്കായി പങ്കുവയ്ക്കുന്നുണ്ട്.
സ്കൂള്‍ മാനേജര്‍ ഫാ. സാം ഒറ്റക്കല്ലില്‍, പ്രിന്‍സിപ്പല്‍ ശോഭ റോയ് എന്നിവരാണ് നേതൃത്വം നല്‍കുന്നത്.
District News
ചിങ്ങവനം: ഗൃഹാതുരത്വത്തിന്റെയും കാര്‍ഷിക സംസ്കാരത്തിന്റെയും നേര്‍കാഴ്ചയായി പാക്കില്‍ സംക്രമ വാണിഭത്തിന് തുടക്കം. പാക്കില്‍ ധര്‍മശാസ്താ ക്ഷേത്രമൈതാനത്ത് നൂറ്റാണ്ടുകളായി നടന്നുവരുന്ന വാണിഭത്തിന് ചരിത്രപരമായ പ്രാധാന്യവുമുണ്ട്. പറയിപെറ്റ പന്തിരുകുലത്തിലെ അംഗമായ പാക്കനാരും കുടുംബവും കുട്ടയും മുറവും വിറ്റു നാട് ചുറ്റുന്നതിനിടയില്‍ ഇന്നത്തെ പാക്കിലുമെത്തി.
ഈ സമയം ക്ഷേത്രത്തില്‍ വിഗ്രഹ പ്രതിഷ്ഠ നടത്തുന്നതിനിടയില്‍, വിഗ്രഹം ഉറയ്ക്കാതെ വരികയും അവിടെയുണ്ടായിരുന്ന പാക്കനാര്‍ എത്തി ‘ഇവിടെ പാര്‍ക്ക്’ എന്നുപറഞ്ഞ് വിഗ്രഹം ഉറപ്പിക്കുകയും ചെയ്തൃതുവെന്നാണ് ഐതിഹ്യം.
തുടര്‍ന്ന് എല്ലാ വര്‍ഷവും ഇവിടെ വന്ന് കച്ചവടം നടത്താനുള്ള അവകാശവും ക്ഷേത്രത്തില്‍നിന്നു ലഭിച്ചു. ഇതേത്തുടര്‍ന്ന് എല്ലാ കര്‍ക്കിടക മാസം ഒന്നിന് പാക്കനാരുടെ കുടുംബക്കാര് ഇവിടെ വന്നു കുട്ടയും മുറവും വില്‍ക്കുകയും പില്ക്കാലത്ത് ക്ഷേത്രമൈതാനം മുഴുവന്‍ നിറഞ്ഞുനില്ക്കുന്ന വിപണന മേളയായി മാറുകയുമായിരുന്നു.
കുട്ട, മുറം, വിവിധയിനം തഴപ്പായകള്‍, ഉരല്, ഉലക്ക, അരകല്ല്, ആട്ടുകല്ല്, വിവിധയിനം കല്‍ചട്ടികളും മണ്‍പാത്രങ്ങളും നാഴി, ഇടങ്ങഴി, പറ തുടങ്ങി പുതുതലമുറക്ക് കേട്ടുകേൾവി പോലുമില്ലാത്ത പഴമയുടെ പെരുമയ്ക്ക് നേര്കാഴ്ചയൊരുക്കുകയാണ് പാക്കില്‍ വാണിഭം.
പിച്ചാത്തി മുതല്‍ കാര്‍ഷികോപകരണങ്ങള്‍, തൂമ്പാകൈ, കോടാലി, വിവിധയിനം തുഴകള്‍ വരെ സ്റ്റാളുകളില്‍ ലഭ്യമാണ്. ആളുകള്‍ കുടംപുളി തെരഞ്ഞുനടക്കുന്നത് വാണിഭത്തിലെ പ്രധാന കാഴ്ചയാണ്. കുടുംബശ്രീ, തൊഴിലുറപ്പ് വിഭാഗങ്ങളുടെയും സ്റ്റാളുകള്‍ മുതല്‍ ഫര്‍ണിച്ചറുകള്‍, വിവിധയിനം തെങ്ങിന് തൈകള്‍, ചെടികള്‍, വിത്തിനങ്ങള്‍ എന്നിവയും ഇവിടെ ലഭിക്കും. ഒരുമാസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന വാണിഭക്കാലം പാക്കില്‍ ഉള്‍പ്പെടുന്ന നാട്ടകത്ത് ഉത്സവകാലം കൂടിയാണ്.
District News
കോട്ടയം: കെഎസ്ആര്‍ടിസി കോട്ടയം ഡിപ്പോയിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്ന് ആര്‍ജെഡി കോട്ടയം നിയോജക മണ്ഡലം നേതൃസമ്മേളനം ആവശ്യപ്പെട്ടു.
ബസ് സ്റ്റാന്‍ഡ് കെട്ടിടത്തില്‍ യാത്രക്കാര്‍ക്ക് കൂട്ടിയിടിക്കാതെ നടക്കാന്‍ പറ്റാത്ത അവസ്ഥയാണ്. സ്റ്റാന്‍ഡില്‍ പരിമിതമായ സ്ഥലത്ത് ആവശ്യത്തിലേറെ കട മുറികള്‍. ഓഫീസ് മുറികളില്‍ ജീവനക്കാര്‍ക്ക് നിന്നുതിരിയാന്‍ സ്ഥലമില്ല.
യാത്രക്കാര്‍ നിൽക്കുന്നിടത്ത് നായ്ക്കളുടെ ശല്യം ഭയപ്പെടുത്തുന്നതാണ്. മഴപെയ്താല്‍ ബസില്‍ കയറിപ്പറ്റുന്നത് അങ്ങേയറ്റം ദുഷ്കരം. ജില്ലാ ആസ്ഥാനത്തെ ഡിപ്പോയില്‍ സെക്യൂരിറ്റി ഗാര്‍ഡില്ല. പമ്പ് ഓപ്പറേറ്റര്‍ ഇല്ല. സിഎല്‍ആര്‍ ജീവനക്കാര്‍ ഇല്ല. രാത്രി 10 മുതല്‍ രാവിലെ ആറു വരെ എന്‍ക്വയറി കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നില്ല. വര്‍ക്ക് ഷോപ്പിലെ റാമ്പില്‍ മഴ പെയ്താല്‍ വെള്ളം കെട്ടിക്കിടക്കും.
ബസുകള്‍ പാര്‍ക്ക് ചെയ്യുന്ന ഗ്രൗണ്ട് കാടുപിടിച്ചും ചെളിക്കുണ്ടുമായി കിടക്കുന്നു. ഈ ദുരവസ്ഥകള്‍ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വകുപ്പു മന്ത്രിക്കും കെഎസ്ആര്‍ടിസി അധികാരികള്‍ക്കും പരാതി നല്കുന്നതിനു തീരുമാനിച്ചു.
ആര്‍ജെഡി ജില്ലാ പ്രസിഡന്റ് സണ്ണി തോമസ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് കെ. ആര്. മനോജ് കുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം ബെന്നി കുര്യന്, ജില്ലാ സെക്രട്ടറി ജോര്‍ജ് മാത്യു, ഏബ്രഹാം പി. മാത്യു, ബേബി ജോസഫ്, എ.ടി. ജയന്, സുജാത ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
District News
നെടുമങ്ങാട്: സംശയകരമായ സാഹചര്യത്തിൽ ആയുധങ്ങളുമായി പോലീസ് പിടികൂടിയ നാലംഗ സംഘത്തെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് സ്റ്റേഷനിൽ ക്രൈം റെക്കോർഡ് ബ്യൂറോ സിഐയുടെ പരാക്രമം.അര മണിക്കൂറിലേറെ പോലീസ് സ്റ്റേഷൻ പ്രവർത്തനം താറുമായി.
ഇന്നലെ ഉച്ചയോടെ നെടുമങ്ങാട് സ്റ്റേഷനിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. മദ്യലഹരിയിലെത്തിയ ക്രൈം റെക്കോർഡ് ബ്യൂറോ ഇൻസ്പെക്ടർ യഹിയ (52) പോലീസ് പ്രിവന്റീവ് അറസ്റ്റ് ചെയ്ത തന്റെ ബന്ധുക്കളെ വിട്ടുകിട്ടണമെന്നാവശ്യപെട്ട് സെല്ലിൽ കയറി പ്രതികൾക്കൊപ്പം കിടക്കുകയും സെല്ലിൽ നിന്ന് പുറത്താക്കാൻ ശ്രമിച്ച പോലീസുകാരെ ഭീഷണിപ്പെടുത്തുകയുമായിരുന്നു.ഡ്യുട്ടിയിലുണ്ടായിരുന്ന പോലീസുകാരെ താൻ മേലുദ്യോഗസ്ഥനാണെന്ന് വിരട്ടിയാണ് പ്രതികളെ രക്ഷപ്പെടുത്താൻ ശ്രമിച്ചത്.
സംഭവസമയം സ്റ്റേഷൻ ചുമതലയുള്ള സിഐ സ്ഥലത്തില്ലായിരുന്നു.ഡിവൈഎസ്പി വിവരം അറിയിച്ചതിനെ തുടർന്ന് റൂറൽ എസ്പി പ്രശാന്തൻ കാണി, സി.ഐ യഹിയയെ അറസ്റ്റ് ചെയ്ത് വൈദ്യപരിശോധനയ്ക്ക് ഹാജരാക്കാൻ ഉത്തരവ് നൽകുകയായിരുന്നു.
നെടുമങ്ങാട് എസ്ഐ അഭിജിതിന്റെ നേതൃത്വത്തിൽ പോലീസുകാർ യഹിയയെ ലോക്കപ്പിൽ നിന്ന് ബലംപ്രയോഗിച്ച് പുറത്തിറക്കി നെടുമങ്ങാട് ജില്ലാശുപത്രിയിൽ എത്തിച്ചു. പരിശോധനയിൽ യഹിയ മദ്യപിച്ചിരുന്നതായി തെളിഞ്ഞു.അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം യഹിയയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
വ്യാഴാഴ്ച രാത്രി എസ്ഐ അഭിജിതിന്െ നേതൃത്വത്തിൽ പോലീസ് ചുള്ളിമാനൂർ ഭാഗത്ത് നടത്തിയ പരിശോധനയിൽ ബൈക്കിന്റെ സ്റ്റമ്പും ഇരുമ്പ് ലിവറുകളുമായാണ് സ്ഥലവാസികളായ നാല് പേരെ കസ്റ്റഡിയിൽ എടുത്ത് മുൻകരുതൽ അറസ്റ്റ് രേഖപ്പെടുത്തി സെല്ലിൽ അടച്ചത്.
ഇവരെ വിട്ടുകിട്ടുന്നതിനായാണ് യഹിയ സ്റ്റേഷനിൽ പരാക്രമം നടത്തിയത്.സംഭവത്തിൽ വകുപ്പ്തല നടപടിയുണ്ടാകുമെന്ന് റൂറൽ എസ്പി ഓഫീസ് അറിയിച്ചു. ഇതിനിടെ പോലീസ് സ്റ്റേഷനിലേയ്ക്ക് പ്രതിഷേധ മാർച്ചുമായി ഡിവൈഎഫ്ഐ പ്രവർത്തകർ രംഗത്തെത്തി.യഹിയയെ സസ്പെൻഡ് ചെയ്യണമെന്ന് പ്രവർത്തകർ ആവശ്യപ്പെട്ടു.
District News
ഉളളൂര്‍: തിരുവനന്തപുരം മെഡിക്കല്‍കോളജ് റോഡിലെ കുഴി മൂടിയതോടെ ഇതുവഴി കടന്നു പോകുന്ന നൂറുകണക്കിന് വാഹനയാത്രികര്‍ക്ക് ആശ്വാസമായി. മെഡിക്കല്‍കോളജ് പ്രവേശന കവാടത്തിനു സമീപത്താണ് ആഴ്ചകളായി വന്‍ കുഴി രൂപപ്പെട്ടിരുന്നത്. ഇവിടെ നിരവധി ഇരുചക്ര വാഹനയാത്രികര്‍ കുഴിയില്‍ അകപ്പെട്ടു.
ഇതിനിടെ അധികൃതര്‍ സ്ഥലത്തെത്തി കുഴി മൂടിയിരുന്നുവെങ്കിലും വീണ്ടും കുഴി രൂപപ്പെടുകയായിരുന്നു. വലിയ വാഹനങ്ങള്‍ക്കുപോലും ഇതുവഴി കടന്നുപോകാനാകാത്ത സാഹചര്യം ഉണ്ടായതോാടെയാണ് കുഴി പൂര്‍ണ മായി മൂടാന്‍ അധികൃതര്‍ തയ്യാറായത്.
അതേസമയം കുഴി മണ്ണിട്ടു താല്‍ക്കാലികമായി മൂടിയശേഷം സേഫ്റ്റി കോണുകള്‍ സ്ഥാപിച്ചിരിക്കുകയാണ്. റോഡിലെ ഭീമന് കുഴി കോണ്‍ക്രീറ്റ് ചെയ്തു പരിഹാരം കാണണമെന്നാണ് ആവശ്യം.
District News
നേമം : കര്‍ക്കിടകമാസം രാമായണ മാസമായി ആചരിക്കുന്നതിന്റെ ഭാഗമായി ഇന്നലെ വിവിധ ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും രാമായണ പാരായണത്തിന് തുടക്കമായി. ഇനിയുള്ള ഒരു മാസകാലം രാമായണ പാരായണത്താല്‍ മുഖരിതമാകും നാടും നഗരവും.
രാമായണം പാരായണം ചെയ്യുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും പുണ്യം കിട്ടുമെന്നാണ് വിശ്വാസം. രാമായണ മാസാചരണത്തിന്റെ ഭാഗമായി വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ശ്രീരാമ ഐശ്വര്യ പൂജ, രാമായണ പാരായണം, ശ്രീരാമ നാമ സങ്കീര്‍ത്തനം തുടങ്ങിയ പരിപാടികള്‍ നടക്കും.
വെള്ളായണി ദേവീക്ഷേത്രം, പാപ്പനംകോട് പട്ടാരത്ത് ദേവീക്ഷേത്രം, മഠത്തില്‍ ശ്രീഭഗവതി ക്ഷേത്രം, കാരയ്ക്കാമണ്ഡപം ശിവക്ഷേത്രം, സ്റ്റുഡിയോറോഡ് അയ്യപ്പത്താവളം, തൃക്കണ്ണാപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം , പാപ്പനംകോട് തൂക്കുവിള അനന്തനാഗരാജ ക്ഷേത്രം, തുടങ്ങിയ ക്ഷേത്രങ്ങളില്‍ രാമായണ പാരാ യണം നടന്നു.
വെള്ളായണി ദേവീക്ഷേത്രത്തില്‍ രാമായണ മാസാചരണത്തിന്റെ ഉദ്ഘാടനം ക്ഷേത്ര മൂത്തവാത്തി ശിവകുമാര്‍ നിര്‍വഹിച്ചു. ഉപദേശക സമിതി പ്രസിഡന്റ് എന്‍. ചന്ദ്രന്‍നായര്‍, സെക്രട്ടറി എം.വിജയന് എന്നിവര്‍ പങ്കെടുത്തു.
District News
ആറ്റിങ്ങൽ: അഞ്ചുതെങ്ങ് പോസ്റ്റ് ഓഫീസ് വൈ.ടു.കെ ജംഗ്ഷനിൽ റോഡ് സുരക്ഷയ്ക്ക് സ്ഥാപിച്ചിരുന്ന ട്രാഫിക് മിറർ സാമൂഹ്യവിരുദ്ധർ തല്ലിതകർത്തു. വൈ.ടു.കെ പ്രിൻസസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ പേരിൽ നാലായിരത്തോളം രൂപ ചെലവിൽ സ്ഥാപിച്ചിരുന്ന കോൺവെക്സ് ഗ്ലാസാണ് കഴിഞ്ഞ ദിവസം രാത്രിയോടെ തല്ലിതകർത്തകർത്തത്.
ആഴ്ചകൾക്ക് മുൻപ് ഇവിടെ പ്രവർത്തിക്കുന്ന പോസ്റ്റ്ഓഫീസ് കെട്ടിടത്തിന്റെ ജനൽ ചില്ലുകൾ അടിച്ചുപൊട്ടിച്ചിരുന്നു.കഴിഞ്ഞ ദിവസം ഈ മേഖലയിൽ ഒരുകൂട്ടം സാമൂഹ്യ വിരുദ്ധർ തമ്പടിച്ചിരുന്നതായി പറയപ്പെടുന്നു. ഇവിടം കേന്ദ്രീകരിച്ച് അടുത്തിടെയായി സാമൂഹ്യ വിരുദ്ധ പ്രവർത്തികൾ പെരുകുന്നതായും ആക്ഷേപമുണ്ട്. കൂടാതെ, ഈ മേഖല കേന്ദ്രീകരിച്ച് വൻതോതിൽ ലഹരി വിൽപ്പനയും ഉപയോഗവും വ്യാപകമാണ്.
വാഹനയാത്രികർക്ക് ഗുണകരമായിരുന്ന കോൺവെക്സ് ഗ്ലാസ് തല്ലിതകർത്തവരെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കണമെന്നും പ്രദേശത്തെര സ്വൈര ജീവിതത്തിന് തടസം സൃഷ്ടിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ക്ലബ് കൺവീനർ അഞ്ചുതെങ്ങ് സജൻ പോലീസിൽ പരാതി നൽകി.
District News
നെടുമങ്ങാട് : ജില്ലയിലെ പ്രധാന ബലിതർപ്പണ കേന്ദ്രമായ അരുവിക്കരയിലെ ബലിമണ്ഡപങ്ങൾ നവീകരണമില്ലാതെ കാടു കയറി നശിക്കുന്നു. കർക്കിടക വാവിനു ദിവസങ്ങൾ മാത്രമാണ് ഇനിയുള്ളത്. പടർന്നു പന്തലിച്ച കാടു വകഞ്ഞു മാറ്റിയാലേ നിലവിൽ ബലിക്കടവുകളിൽ എത്താനാകൂ. മണ്ഡപത്തിന്റെ കോൺക്രീറ്റ് തൂണുകൾ തകർന്നു. പടവുകളിലെ കമ്പികൾ ഇളകിയും അറുത്തു മാറ്റപ്പെട്ട നിലയിലുമാണ്. വസ് ത്രം മാറുന്ന കെട്ടിടത്തിന്റെ ഗ്രില്ലുകളും ജനാലകളുമുൾപ്പടെ കവർച്ച ചെയ്യപ്പെട്ടു.
ചെക്കുഡാമും ബലിക്കടവുകളും അനാശാസ്യ സംഘങ്ങളുടെ താവളമായി മാറിയിരിക്കുകയാണ്. ഡാമിൽനിന്ന് ബലിമണ്ഡപത്തിലെത്താനുള്ള വാനക്കുഴി റോഡ് മാലിന്യമടിഞ്ഞ് ചീഞ്ഞുനാറുന്നു. പോലീസ് സ്റ്റേഷനും പഞ്ചായത്ത് ഓഫീസിനും വിളിപ്പാടകലെയാണെങ്കിലും വിജനപ്രദേശമായതിനാൽ ആരും തിരിഞ്ഞു നോക്കുന്നില്ല. ജി. സ്റ്റീഫൻ എംഎൽഎയുടെ സാന്നിധ്യത്തിൽ കഴിഞ്ഞ ദിവസം പഞ്ചായത്ത് ഹാളിൽ ചേർന്ന ഉദ്യോഗസ്ഥ- ജനപ്രതിനിധി യോഗത്തിൽ ഇതുസംബന്ധിച്ചു വലിയ പ്രതിഷേധമാണുയർന്നത്.
എംഎൽഎയുടെ നിർദേശം ഉദ്യോഗസ്ഥർ ചെവിക്കൊള്ളുന്നില്ലെന്നും ആക്ഷേപവുമുണ്ട്.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ഏഴുകോടി രൂപ ചെലവിട്ടു നിർമിച്ചതാണു ബലി മണ്ഡപങ്ങൾ. ഡാമിനു മുന്നിലും പഴയ പോലീസ് സ്റ്റേഷനു സമീപം കരമനയാറ്റിലുമാണ് അരുവിക്കരയിലെ ബലിക്കടവുകൾ. ഓഗസ്റ്റ് 12-നാണ് ഇത്തവണ വാവുബലി ചടങ്ങുകൾ. ബലിതർപ്പണത്തിനു മുന്നോടിയായി ഒരാഴ്ചത്തെ കാർഷിക വ്യാവസായിക വിളകളുടെ പ്രദർശനത്തിനും കലാമേളയ് ക്കും പശ്ചാത്തലമൊരുക്കേണ്ടതുണ്ട്.
ശുചീകരണവും നവീകരണവും ഇനിയും വൈകിയാൽ ബലിതർപ്പണം താറുമാറാകുമെന്നാണ് ആശങ്ക. ബലിയിടൽ ചടങ്ങുകൾക്കും ശ്രാദ്ധപൂജകൾക്കും പ്രതിമാസമുള്ള പിതൃതർപ്പണത്തിനും ബലിമണ്ഡപങ്ങൾ തുറന്നുകൊടുക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. നിത്യവും ബലിതർപ്പണവും ശ്രാദ്ധപൂജകളും നടത്താൻ സൗകര്യങ്ങമൊരുക്കുന്നതിനും കാർമികരെ നിയമിക്കുന്നതിനും സർക്കാർ 47 ലക്ഷം രൂപയുടെ പദ്ധതിക്കു രൂപം നൽകിയിരുന്നു.
വാച്ച്മാൻ, കാർമ്മികർ, ശുചീകരണ തൊഴിലാളികൾ എന്നിവരു ടെ നിയമനത്തിനും നടപടിയായിരുന്നു. എന്നാൽ വാട്ടർ അഥോറിട്ടിയിലെ ചില ഉദ്യോഗസ്ഥർ പ ദ്ധതി അട്ടിമറിച്ചുവെന്നും ആക്ഷേപമുണ്ട്.
District News
തിരുവനന്തപുരം: ഡോ. ശശി തരൂർ എംപി ഹോട്ടലിന്റെ ലിഫ്റ്റിൽ കുടുങ്ങി. തിരുവനന്തപുരം പിഎംജിയിലെ പ്രശാന്ത് ഹോട്ടലിന്റെ ലിഫ്റ്റിലാണ് കുടുങ്ങിയത്. 20 മിനിറ്റോളം ലിഫ്റ്റിൽ കുടുങ്ങിയ എംപിയെ ഫയർഫോഴ്്സ് എത്തിയാണ് പുറത്തിറക്കിയത്.
ആറാം നിലയിലേക്ക് പോയപ്പോഴാണ് ലിഫ്റ്റ് പ്രവർത്തനരഹിതമായത്.
തരൂർ ലിഫ്റ്റിൽ കുടുങ്ങിയ വിവരം അറിഞ്ഞതോടെ, ഫയർഫോഴ്സ് സ്ഥലത്തെത്തി. ലിഫ്റ്റിന്റെ വാതിൽ അകത്തി പുറത്തിറക്കി. അധികഭാരത്തെ തുടർന്നാണ് ലിഫ്റ്റ് നിന്നു പോയതെന്നാണ് വിവരം. എല്ലാവരും ഓക്കേ ആണെന്നു പുറത്തെത്തിയ ശേഷം തരൂർ പറഞ്ഞു.രക്ഷാപ്രവർത്തനം നടത്തിയ ഫയർഫോഴ്സ് അംഗങ്ങളോട് തരൂർ നന്ദി പറഞ്ഞു.
District News
തിരുവനന്തപുരം: ക്രൈസ്തവ സമൂഹത്തിന് നീതി ലഭ്യമായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് കേരള കൗണ്‍സിൽ ഓഫ് ചർച്ചസ് ജനറൽ സെക്രട്ടറി ഡോ.പ്രകാശ് പി. തോമസ് പറഞ്ഞു. കെസിസി തിരുവനന്തപുരം ജില്ലാ നേതൃ യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എല്ലാ രംഗത്തും സർക്കാരിന്റെ അവഗണന മാത്രം ലഭിക്കുന്ന സമൂഹമായി ക്രൈസ്തവ വിഭാഗത്തെ തള്ളിയിടാനുള്ള ശ്രമങ്ങളെ യോജിച്ച പോരാട്ടത്തിലൂടെ പരാജയപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് റവ.എ.ആർ.നോബിൾ അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി റവ ഡോ.എൽ.ടി. പവിത്ര സിംഗ് , റവ.ടി. ദേവപ്രസാദ്, റവ.ഡബ്ളിയു.ലിവിങ്സ്റ്റണ്, റവ.രതീഷ് വെട്ടുവിളയിൽ, പുഷ്പലത നെൽസണ്‍, ജെ. വിജയരാജ്, മേജർ ടി.ഇ. സ്റ്റീഫൻസണ്‍ , ജെ വർഗീസ് , റവ ആർ വി സോണി, ഇവാ എം ജെ റിജോഷ് , കെ. ഷിബു , വ.അരുൾദാസ്എന്നിവർ പ്രസംഗിച്ചു. പുതിയ ജില്ലാ പ്രസിഡന്റായി റവ.റ്റി ദേവപ്രസാദിനേയും, വൈസ് പ്രസിഡന്റായി ഇവാ. എം കെ റിജോഷിനെയും തിരഞ്ഞെടുത്തു. ആഗസ്റ്റ് 15 ന് മുന്‍പ് അസംബളി മണ്ഡലങ്ങളുടെ യോഗങ്ങൾ പൂർത്തിയാക്കാൻ തീരുമാനിച്ചു.
District News
വിഴിഞ്ഞം : കപ്പൽ മുങ്ങി ഒരു വർഷത്തിനു ശേഷം ഒഴുകിയെത്തിയ ചാക്കു കെട്ടുകൾ മാറ്റാൻ ആളില്ല. റവന്യൂ വകുപ്പ് അധികൃതരും പോലീസും ചേർന്ന് കണക്കെടുത്ത ശേഷം എറ്റെടുത്ത് കൊണ്ടുപോകാൻ ബന്ധപ്പെട്ട ഏജൻസിക്ക് നിർദ്ദേശം നൽകി തീരത്ത് കൂട്ടിയിട്ടിരിക്കുന്ന 150 -ൽപ്പരം ചാക്ക് പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഇപ്പോൾ അനാഥമായി കിടക്കുന്നത്.
ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് കഴിഞ്ഞ വർഷം കടലിൽ താഴ്ന്ന ചരക്ക് കപ്പലായ എൽസാ -3 യിൽ നിന്നുള്ള കണ്ടെയ്നർ തകർന്ന് ഉൾക്കടലിലൂടെ ഒഴുകി നടന്ന ചാക്കു കെട്ടുകൾ മത്സ്യത്തൊഴിലാളികൾ മീൻ പിടിത്ത വള്ളങ്ങളിൽ കരക്കെത്തിച്ചത്. പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന വിലയിരുത്തലിൽ ഓടിയെത്തിയ തീരദേശ പോലീസും വിഴിഞ്ഞം മുക്കോലയിൽ നിന്നെത്തിയ വില്ലേജ് ഓഫീസറും സംഘവും ചാക്കു കെട്ടുകളുടെ കണക്കെടുത്ത് സുരക്ഷ ഉറപ്പുവരുത്തിയ ശേഷം തുടർ നടപടിക്കായി ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. അധികൃതർ ഇവ മാറ്റിക്കൊണ്ടുപോകാൻ എംഎസ്സി കമ്പനി ചുമതലപ്പെടുത്തിയ മെർക്ക് എന്ന ഏജൻസി അധികൃതർക്ക് നിർദ്ദേശം നൽകി.
എന്നാൽ ഇന്നലെ വരെ ആരും തിരിഞ്ഞ് നോക്കിയില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. 2025 മെയ് 24 നാണ് വിഴിഞ്ഞത്ത്നിന്ന് കൊച്ചിക്ക് പോയ എൽസാ -3 ലക്ഷ്യസ്ഥാനം എത്തുന്നതിന് മുൻപ് അപകടത്തിൽപ്പെട്ടത്. 25 ന് ഉൾക്കടലിൽ താഴ്ന്ന കപ്പലിലെ കണ്ടെയ്നറുകളിൽ ചിലത് തകർന്ന് ഉള്ളിലുണ്ടായിരുന്ന വസ്തുക്കൾ കടലിലൂടെ ഒഴുകി. അവയിൽ പ്ലാസ്റ്റിക് തരികൾ നിറച്ച ചാക്കു കെട്ടുകൾ പാറക്കൂട്ടങ്ങളിൽ ഇടിച്ച് തകർന്ന് കടലിൽ നിറഞ്ഞു. കരയിലേക്ക് അടിച്ച് കയറി തീരത്തെ വിഴുങ്ങിയ പ്ലാസ്റ്റിക് മാലിന്യങ്ങൾക്കെതിരെ ജനകീയ പ്രതിഷേധവുമുയർന്നു. പരിസ്ഥിതി വാദികളും രംഗത്തിറങ്ങിയതോടെ ഗൗരവം മനസിലാക്കിയ കപ്പൽ കമ്പനി ഇവമാറ്റാൻ ഏജൻസിയെ നിയോഗിച്ചു.
അന്നും പണം നൽകി വോളണ്ടിയർമാരെ നിയോഗിച്ച് മാലിന്യം നീക്കത്തിന് ആവേശം കാണിച്ച ഏജൻസി അധികൃതർക്ക് ചാക്കു കെട്ടുകൾ നീക്കം ചെയ്യാൻ മടിയായിരുന്നു. പൂവാർ, കരിംകുളം പുല്ലുവിള, അടിമലത്തുറ, വിഴിഞ്ഞം ചൊവ്വര തീരങ്ങളിൽ അങ്ങിങ്ങായി ഒരു മാസം വരെ മാലിന്യച്ചാക്കുകൾ അനാഥമായിക്കിടന്നു . ഒടുവിൽ അടുക്കിവച്ച ചാക്കു കെട്ടുകൾ നായ്ക്കൾ കടിച്ച് കീറിയും കാക്കകളും പക്ഷികളും കൊത്തിവലിച്ച് നശിപ്പിക്കുകയും ചെയ്തതോടെ കരഭാഗത്തും മാലിന്യങ്ങൾ നിറഞ്ഞു. ശക്തമായ പ്രതിഷേധങ്ങൾക്ക് ശേഷമാണ് ഇവ ഏറ്റെടുക്കാൻ അന്ന് ഏജൻസി അധികൃതർ എത്തിയത്.
ഇതിനിടയിലാണ് വീണ്ടും പ്ലാസ്റ്റിക് മാലിന്യങ്ങൾ നിറച്ച ചാക്കു കെട്ടുകൾ കടലിലൂടെ ഒഴുകിയെത്തിയത്. തുറമുഖത്തിന്റെ പല ഭാഗങ്ങളിലായി അടുക്കിവച്ചിരിക്കുന്ന മാലിന്യ ചാക്കുകൾക്ക് കഴിഞ്ഞ വർഷത്തെ അവസ്ഥ ഉണ്ടാകാതിരിക്കാനുള്ള ശ്രമങ്ങൾ അധികൃതർ ആരംഭിച്ചതായും അറിയുന്നു.
District News
വിഴിഞ്ഞം : വിവിധങ്ങളായ ആരാധമൂർത്തികളാലും അവയുടെ പ്രതിഷ്ഠാ രീതികൾ കൊണ്ടും ശ്രദ്ധേയമായ വിഴിഞ്ഞം വെങ്ങാനൂർ പൗർണമിക്കാവിൽ ഏറ്റവും വലിയ ഹനുമാൻ വിഗ്രഹം എത്തി.
ഇന്നലെ രാവിലെ കന്യാകുമാരിയിൽ നിന്നും തിരിച്ചു ശുചീന്ദ്രം വഴി വൈകിട്ടോടെ പൗർണമിക്കാവിൽ വിഗ്രഹം എത്തിചേർന്നു.
12 അടി പൊക്കമുള്ള പീഠത്തിൽ 27അടി ഉയരമുള്ള വിഗ്രഹം ഹനുമാന്റെ സഹോദരങ്ങളായ ഗതിമാൻ, ശ്രുതിമാൻ, മതിമാൻ, കേതു മാൻ,ധൃതിമാൻ എന്നിവരോടൊപ്പം പ്രതിഷ്ഠിക്കപ്പെടുന്ന ആദ്യത്തെ പ്രതിഷ്ഠ എന്ന പ്രത്യേകതയും പൗർണമികാവിലെ ഹനുമാൻ വിഗ്രഹത്തിന് ലഭിക്കും.
64 അടി പൊക്കമുള്ള ശ്രീകോവിലിലാണ് ഇത്രയും ഉയരത്തിലുള്ള ഹനുമാനെ പ്രതിഷ്ഠിക്കുന്നത്. ബ്രഹ്മപുരാണത്തിലെ കേസരിയുടെ മക്കളായ ആറ് പേരെയും ഒരുമിച്ച് കാണുന്ന ഏക ക്ഷേത്രം എന്ന ഖ്യാതിയും പൗർണമി ക്കാവിനുണ്ട്.
രാമായണ മാസം തുടങ്ങുന്ന കർക്കിടകം ഒന്നിന് ഹനുമാൻ വിഗ്രഹം പൗർണമി കാവിൽ എത്തിയത് തന്നെ ഏറ്റവും വലിയ പ്രത്യേകതയാണെന്ന് ഭാരവാഹികൾ പറഞ്ഞു.
District News
കഴക്കൂട്ടം : വീട്ടമ്മയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പണവും സ്വർണാഭരണങ്ങളും തട്ടിയെടുത്തതായി പരാതി. 33-കാരിയുടെ പരാതിയിൽ പോലീസ് കേസെടുത്തു.
സിഐഎസ്എഫ് ഉദ്യോഗസ്ഥനായ പ്രവീൺ എന്നയാൾക്കെതിരെയാണ് കേസ്. ഇയാൾ പരാതിക്കാരിയിൽ നിന്ന് പണം കടം വാങ്ങിയിരുന്നു. ഈ പണം തിരികെ നൽകാനെന്ന വ്യാജേന കാര്യവട്ടത്തുള്ള ഇവരുടെ വീട്ടിലെത്തി വീട്ടമ്മയുമായി സൗഹൃദം സ്ഥാപിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു.
തുടർന്ന് സ്വകാര്യ വീഡിയോകളും ദൃശ്യങ്ങളും കയ്യിലുണ്ടെന്ന് കാട്ടി ഇവരെ ഭീഷണിപ്പെടുത്താൻ തുടങ്ങി. രണ്ടു ലക്ഷം രൂപയും എട്ടു പവൻ സ്വർണാഭരണങ്ങളും പ്രതി തട്ടിയെടുത്തതായാണ് പരാതി.
District News
ചാത്തന്നൂര്‍:അനിയന്ത്രിത വൈദ്യുതി നിയന്ത്രണത്തിനെതിരെ ഡിവൈഎഫ്ഐ ചാത്തന്നൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചാത്തന്നൂര്‍ കെഎസ്ഇബി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചിന് നേരെ പോലീസ് ലാത്തിവീശി. നാലുപേർക്ക് പരിക്കേറ്റു.
ചാത്തന്നൂര്‍ ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച പ്രകടനം തിരുമുക്ക് ജംഗ്ഷന് ചുറ്റി കെഎസ്ഇബി ഓഫീസില്‍ അവസാനിച്ചു.
ഓഫീസിന് സമീപത്തായി പോലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ മറികടന്ന പ്രവര്‍ത്തകര്‍ ഓഫീസില്‍ മുന്നില്‍ പ്രതിഷേധിച്ചപ്പോളാണ് പോലീസ് ലാത്തി വീശിയത്. പ്രതിഷേധയോഗം ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് എം.ഹരികൃഷ്ണന് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് വി.അനീഷ് അധ്യക്ഷനായി.
ബ്ലോക്ക് സെക്രട്ടറി എസ്. ശരത് ,ജോയിന്റ് സെക്രട്ടറി അഭിലാഷ് എം. സജി , സിപിഎം ചാത്തന്നൂര്‍ ഏരിയ സെക്രട്ടറി പി.വി. സത്യന്, ബ്ലോക്ക് ട്രഷറര്‍ അഭിജിത്ത്, ജോയിന്റ് സെക്രട്ടറി ആദര്‍ശ് എന്നിവര്‍ പ്രസംഗിച്ചു.
District News
കൊല്ലം: തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗത്തെ സംബന്ധിച്ച ബിജെപിയിലെ വിവാദം രൂക്ഷമാകുന്നു. കൊല്ലം ഈസ്റ്റ് ജില്ലാ കമ്മിറ്റി നേതൃത്വത്തിനെതിരേ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് പരാതി നല്കി. കുന്നത്തൂര്‍ നിയമസഭാ മണ്ഡലത്തെ എ ക്ലാസ് മണ്ഡലമാക്കി നേതൃത്വത്തെ തെറ്റിദ്ധരിപ്പിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്.
സാമ്പത്തിക നേട്ടം ലക്ഷ്യമാക്കിയാണ് ഇത്തരം ഒരു തെറ്റിദ്ധാരണ ഉണ്ടാക്കിയതെന്നും പരാതിയില്‍ സൂചിപ്പിക്കുന്നു.
25 വോട്ട് കിട്ടിയ ബൂത്തില്‍ പോലും 28,000 രൂപ പ്രവര്‍ത്തനങ്ങള്‍ക്ക് കൈമാറിയെന്ന കണക്ക് ശുദ്ധ തട്ടിപ്പാണെന്നും പരാതിയിലുണ്ട്. ബിജെപിക്ക് ബൂത്ത് കമ്മിറ്റികള്‍ ഇല്ലാത്ത സ്ഥലത്ത് പോലും ബൂത്തുകള്‍ക്ക് പണം കൊടുത്തതായി കണക്കുണ്ടാക്കി. ഇലക്ഷന് പ്രചാരണവാഹനം, പ്രിന്റിംഗ്, ഹോട്ടല്‍ ബുക്കിംഗ് എന്നിവയുടെ പേരില്‍ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടന്നു.
ബിജെപി കൊല്ലം ഈസ്റ്റ് ജനറല്‍ സെക്രട്ടറിക്കെതിരെയും കത്തില്‍ ആരോപണങ്ങളുണ്ട്. സാമ്പത്തിക നേട്ടത്തിനായി പാര്‍ട്ടിയെ ശിഥിലീകരിക്കുന്ന പൊയ്മുഖങ്ങളെ തിരിച്ചറിയണമെന്നും കത്തില്‍ പറയുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നേതാക്കള്‍ക്കുണ്ടായ സാമ്പത്തിക നേട്ടങ്ങളില്‍ വിശദമായ പരിശോധന വേണമെന്നും പരാതയില്‍ ഉന്നയിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗത്തെ സംബന്ധിച്ച ബിജെപിയിലെ ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ഫണ്ട് വിനിയോഗ കണക്കുമായി ജില്ലാ കമ്മിറ്റി ഓഫീസിലെത്താന്‍ മണ്ഡലം പ്രസിഡന്റുമാര്‍ക്ക് ജില്ലാ ഘടകം നിര്‍ദേശം നല്‍കിയിരുന്നു. കൊട്ടാരക്കര, കുണ്ടറ, കൊല്ലം, കരുനാഗപ്പള്ളി എന്നിവിടങ്ങളിലെ ഫണ്ട് വിനിയോഗത്തെ കുറിച്ചും വ്യാപകമായ ആക്ഷേപം ഉയര്‍ന്നിരുന്നു.
District News
പുനലൂര്‍: കൊല്ലം-തിരുമംഗലം ദേശീയപാതയില്‍ മാഞ്ഞുപോയ സീബ്രാലൈനുകള്‍ പുതു ക്കി വരച്ചു. ദേശീയപാതാ വിഭാഗത്തിന്റെ മുന്‍ കൊട്ടാരക്കര സെക്ഷന്‍ പരിധിയിലുള്ള അമ്പലത്തുംകവല മുതല്‍ പുനലൂര്‍ വലിയപാലംവരെ, 23.8 കിലോമീറ്റര്‍ ദൂരത്തിലാണ് കാല്‍നടയാത്രക്കാര്‍ക്ക് ദേശീയപാത കുറുകേ കടക്കാനുള്ള അടയാളങ്ങള്‍ പുതുക്കിവരച്ചത്. ഏതാനുംദിവസംമുന്പ് അമ്പലത്തുംകാലയില്‍ ആരംഭിച്ച പ്രവൃത്തി കഴിഞ്ഞദിവസം പുനലൂര്‍ കെഎസ്ആര്‍ടിസി ജംഗ്ഷനില്‍ പൂര്‍ത്തിയായി.
മഴ ആരംഭിച്ചാല്‍ സ്കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പാതയിലൂടെയുള്ള കാല്‍നടയാത്ര ബുദ്ധിമുട്ടായേക്കാമെന്നുള്ള കാഴ്ചപ്പാടിലാണിത്. നേരത്തേ പ്രവൃത്തി നടത്തിയ കരാറുകാരുടെ ബാധ്യതാകാലാവധി (ഡിഎല്‍പി) ഈ മാസം 25ന് അവസാനിക്കാനിരിക്കെയാണ് അതിനു മുന്‍പായി വരകള്‍ പുതുക്കിവരച്ചത്. മാഞ്ഞുപോയ വരകള്‍ തെളിച്ചതിനു പുറമേ പുനലൂരില്‍ കോളജിനും ചെമ്മന്തൂരിലെ സ്വകാര്യ ബസ് സ്റ്റാന്‍ഡിനും കെഎസ്ആര്‍ടിസി. ജംഗ്ഷനില്‍ വലിയപാലത്തിനും മുന്നിലായി പുതുതായി ലൈന്‍ വരയ്ക്കുകയും ചെയ്തു.
പുനലൂര്‍ പട്ടണത്തില്‍ ഉള്‍പ്പെടെ തലങ്ങും വിലങ്ങും വാഹനങ്ങള്‍ പായുന്ന കവലകളില്‍ റോഡിന് അപ്പുറമിപ്പുറം കടക്കാന്‍ കഴിയാതെ കുട്ടികളുള്‍പ്പെടെയുള്ള യാത്രക്കാര്‍ ബുദ്ധിമുട്ടുന്നതു സംബന്ധിച്ച് നിരവധി വാര്‍ത്തകള്‍ വന്നിരുന്നു. പ്രതിദിനം നൂറുകണക്കിന് വാഹനങ്ങള്‍ നിയന്ത്രണമില്ലാതെ പായുന്ന കവലകളില്‍ ഏറെനേരം കാത്തുനിന്നാലേ റോഡ് കുറുകേ കടക്കാനാവൂ. മാഞ്ഞുപോയ സീബ്രാലൈനുകള്‍ തെളിക്കാന്‍ കഴിഞ്ഞ ജൂലായില്‍ പുനലൂരില്‍ ചേര്‍ന്ന ഗതാഗതനിയന്ത്രണസമിതി യോഗം തീരുമാനിച്ചിരുന്നു.
ഇതിന് മരാമത്ത്, ദേശീയപാത അധികൃതരെ ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാല്‍ മാസങ്ങള്‍ പിന്നിട്ടിട്ടും നടപടിയുണ്ടായിരുന്നില്ല. പിന്നീട് ഏതാനും മാസംമുന്‍പ് മലയോര ഹൈവേയില്‍ കെഎസ്ആര്‍ടിസി ജംഗ്ഷനിലും പരിസരപ്രദേശങ്ങളിലും സീബ്രാലൈന്‍ പുതുക്കി വരച്ചിരുന്നു. അതിനുശേഷം ഇപ്പോഴാണ് ദേശീയപാതയിലെ ലൈനുകള്‍ തെളിക്കാന്‍ നടപടിയായത്.
സീബ്രാലൈന്‍ പുതുക്കി വരച്ചതിന് പുറമേ പുനലൂര്‍ വലിയപാലംമുതല് അമ്പലത്തുംകാലവരെയുള്ള ഭാഗത്ത് കുഴിനികത്തല്‍, വശങ്ങളിലെ കാടുതെളിക്കല്‍, കോണ്‍ക്രീറ്റിംഗ് തുടങ്ങിയ പ്രവൃത്തികള്‍ നടപ്പാക്കുന്നതിനായി 1.87 കോടി രൂപയുടെ അടങ്കല്‍ അനുമതിക്കായി ദേശീയപാതാ അഥോറിറ്റി (എന്‍എച്ച്എഐ)ക്ക് സമര്‍പ്പിച്ചിട്ടുണ്ട്.
പുനലൂര്‍ മുതല്‍ സംസ്ഥാനാതിര്‍ത്തിയായ ആര്യങ്കാവ് കോട്ടവാസല്‍വരെ അറ്റകുറ്റപ്പണി നടത്തുന്നതിനായി അനുവദിച്ച 5.27 കോടി രൂപയുടെ അടങ്കലിന് നേരത്തേ അനുമതി ലഭിച്ചിരുന്നു. ഇത് നിലവില്‍ ടെണ്ടര്‍ ഘട്ടത്തിലാണ്. ഈ മാസം 25ന് ടെണ്ടര്‍ തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
District News
കൊല്ലം: കൊല്ലം ബാര്‍ അസോസിയേഷനില്‍ നടന്ന ആവേശകരമായ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് അനുകൂല സംഘടനകളുടെ കൂട്ടായ്മയായ എഐഎല്‍യു-ഐഎഎല്‍ പാനല്‍ ആകെയുള്ള 11 സീറ്റുകളില്‍ 10ഉം സ്വന്തമാക്കി ചരിത്രവിജയം നേടി. ബാര്‍ അസോസിയേഷന് ഡയറക്ടര്‍ ബോര്‍ഡ് യോഗം പുതിയ ഭാരവാഹികളായി അഡ്വ. കെ.ബി. ശ്രീകുമാര്‍ - പ്രസിഡന്റ്, അഡ്വ. ബോറിസ് പോള്‍ - സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്തു. 11 അംഗ ഡയറക്ടര്‍ ബോര്‍ഡില്‍ നാല് വനിതാ പ്രതിനിധികളുണ്ട്.
പാനലിനെ നയിച്ച അഡ്വ. കെ.ബി. ശ്രീകുമാര്‍, അഡ്വ. ബോറിസ് പോള്‍ എന്നിവര്‍ക്കൊപ്പം എക്സിക്യുട്ടിവ് കമ്മിറ്റിയിലേക്ക് മത്സരിച്ച അഡ്വ. കെ.കെ. ജയകുമാര്‍, അഡ്വ. എം. ജാസ്മിന്, അഡ്വ. കെ. അമ്പിളി, അഡ്വ. സി.ആര്. ഹരീഷ്, അഡ്വ. എസ്. സിനു, മുരളി, അഡ്വ. അരവിന്ദ് പി.പിള്ള, അഡ്വ. എ.കെ. ശ്രീലക്ഷ്മി, അഡ്വ. എ. ആര്‍ദ്ര എന്നിവരാണ് വിജയിച്ച മറ്റംഗങ്ങള്‍. യുഡിഎഫ് പാനലില്‍നിന്ന് അഡ്വ. എം.എസ്. ജയന് വിജയിച്ചു.
District News
കുളത്തൂപ്പുഴ: അഞ്ചല്‍-കുളത്തൂപ്പുഴ മലയോര ഹൈവേയില്‍ 11-ാം മൈല്‍ ഭാഗത്ത് ഇരുചക്രവാഹനത്തില്‍ വരികയായിരുന്ന യുവതിയെ മദ്യലഹരിയില്‍ കത്രികയുമായി കുത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍. യുവതി കഷ്ടിച്ചു രക്ഷപ്പെട്ടു.
അക്രമിയെ ചോദ്യം ചെയ്ത മാര്‍ത്താണ്ഡംകര 11-ാം മൈല്‍ എംഎസ് ഗാര്‍ഡനില്‍ മധുസൂദനന് പിള്ളയ്ക്ക് (62) കുത്തേറ്റു. സംഭവത്തില്‍ കുളത്തൂപ്പൂഴ തച്ചന്‍കോണം സ്വദേശി രഞ്ജിത്തിനെ കുളത്തൂപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം ഉച്ചയ്ക്കായിരുന്നു സംഭവം. പ്രതി കത്രികയുമായി റോഡിലേക്ക് ചാടിയിറങ്ങി യുവതിയെ ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഓടി രക്ഷപ്പെട്ട യുവതി, സമീപത്തെ വീട്ടിലെത്തി മധുസൂദനന് പിള്ളയോട് വിവരം പറഞ്ഞു.
ഉടന്‍ തന്നെ മധുസൂദനന് പിള്ള പോലീസിനെ അറിയിക്കുകയും യുവതിയോടൊപ്പം പ്രതി നില്ക്കുന്ന സ്ഥലത്തേക്ക് പോവുകയും ചെയ്തു. ഇവര്‍ എത്തിയ ഉടന്‍ പ്രതി വീണ്ടും യുവതിയെ ആക്രമിക്കാന്‍ മുതിര്‍ന്നു. തടയാന്‍ ശ്രമിക്കുന്നതിനിടെ മധുസൂദനന് പിള്ളയെ നിലത്ത് തള്ളിയിട്ടു മര്‍ദിക്കുകയും കത്രിക ഉപയോഗിച്ച് തോളില്‍ ആഴത്തില്‍ കുത്തുകയുമായിരുന്നു.
ഈ സമയം അതുവഴി വന്ന വാഹനയാത്രക്കാരും സ്ഥലത്തെത്തിയ കുളത്തുപ്പൂഴ പോലീസും ചേര്‍ന്ന് സാഹസികമായാണ് പ്രതിയെ കീഴ്പ്പെടുത്തിയത്.
പരിക്കേറ്റ മധുസൂദനന് പിള്ളയെ ആദ്യം കുളത്തൂപ്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്കും മാറ്റി.
രഞ്ജിത്തിനെതിരെ കുളത്തുപ്പൂഴ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതി കടുത്ത ലഹരിക്ക് അടിമയാണെന്ന് പോലീസ് അറിയിച്ചു. ഇയാളെ പുനലൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
District News
ചവറ: കരിമണല്‍ ഖനനം സ്വകാര്യവല്‍ക്കരിക്കണമെന്ന നിലപാട് യുഡിഎഫ് സര്‍ക്കാരിനില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്. ചവറ ടൈറ്റാനിയത്തിന് സമീപം നവീകരിച്ച ഐഎന്‍ടിയുസി ഭവന് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
വളരെ ശ്രദ്ധയോടുകൂടി കെഎംഎംഎല്‍ കമ്പനിയെ അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ പുരോഗതിയുടെ പാതയില്‍ എത്തിക്കും. കേരളത്തിന് അഭിമാനമായ പൊതുമേഖലാ സ്ഥാപനമാണ് കെഎംഎംഎല്‍. കേരളത്തിന്റെ സമ്പദ്ഘടനയില്‍ ഏറ്റവും കൂടുതല്‍ സംഭാവന ചെയ്യുന്ന സ്ഥാപനമാണിത്. സ്ഥാപനത്തിന്റെ ഉന്നതിക്കായി ഈ സര്‍ക്കാര്‍ തുടക്കം കുറിക്കും.
യുഡിഎഫ് സര്‍ക്കാരിന്റെ ബജറ്റിനെതിരേ ആക്ഷേപങ്ങളും ആരോപണങ്ങളും ഉണ്ടാക്കിയവരുണ്ട്. കരിമണല്‍ സ്വകാര്യവത്കരിക്കാന്‍ പോകുന്നുവെന്ന് പ്രചരിപ്പിച്ചു. അടിസ്ഥാനരഹിതമായ ആരോപണമായിരുന്നു ഇത്. ആക്ഷേപം ഉന്നയിച്ചവര്‍ ഈ കമ്പനിയെ സ്വകാര്യവത്കരിക്കാനുള്ള ശ്രമമാണ് നടത്തിയിരുന്നത്. കെഎംഎംഎല്‍ കമ്പനിയില്‍ കഴിഞ്ഞ 10 വര്‍ഷം നടന്ന കാര്യങ്ങള്‍ പരിശോധിക്കും. കമ്പനിയെ തകര്‍ക്കാന്‍ ആരെയും സമ്മതിക്കില്ല.
യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ കൊല്ലം ജില്ലയ്ക്ക് വളരെയേറെ പ്രാധാന്യം നല്‍കിയിട്ടുണ്ട്. ഇത് ജില്ലയുടെ സമഗ്രമായ പുരോഗതിക്ക് കാരണമാകും. കെഎംഎംഎല്‍ സ്ഥാപനത്തിന്റെ ഉയര്‍ച്ചയ്ക്കുവേണ്ടി എല്ലാ ട്രേഡ് യൂണിയനുകളും നാടും ഒരുമിച്ച് നില്‍ക്കണം.
എല്ലാ ട്രേഡ് യൂണിയനുംകൂടി ഒപ്പുവച്ച എല്‍ടിഎസ് നടപ്പിലാക്കും. മാലിന്യ പ്രശ്നങ്ങളും ഡിസി ഡബ്ല്യു കാഷ്വല്‍ വര്‍ക്കര്‍ തൊഴിലാളികളുടെ വിഷയങ്ങള്‍ പ്രദേശവാസികളുടെ പ്രശ്നങ്ങള്‍ തുടങ്ങിയ എല്ലാത്തിനും പരിഹാരം കാണുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങില്‍ ഐഎന്‍ടിയുസി ടിസിഇസി യൂണിയന് വര്‍ക്കിംഗ് പ്രസിഡന്റ് ആര്. ജയകുമാര്‍ അധ്യക്ഷനായി. മന്ത്രിമാരായ ഷിബു ബേബി ജോണ്‍, പി.സി. വിഷ്ണുനാഥ്, ബിന്ദു കൃഷ്ണ, എന്‍.കെ. പ്രേമചന്ദ്രന് എംപി, യുഡിഎഫ് ചെയര്മാന് കോലത്ത് വേണുഗോപാല്‍, കെപിസിസി സെക്രട്ടറി പി.ജര്‍മിയാസ്, ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷംല നൗഷാദ്, പന്മന പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി, ആര്.ശ്രീജിത്ത്, എസ.് ഷാജി തുടങ്ങിയവര്‍ പ്രസംഗിച്ചു.
District News
കൊല്ലം: ദേശീയപാതവികസനത്തിന്റെ ഭാഗമായി കല്ലുംതാഴത്ത് പുതിയ റെയില്‍വേ പാലങ്ങള്‍ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് പഠന റിപ്പോര്‍ട്ട് തയാറാക്കി ടികെഎം എന്‍ജിനിയറിംഗ് കോളജിലെ വിദഗ്ധസംഘം. എന്‍.കെ. പ്രേമചന്ദ്രന് എംപി, വിഷ്ണുമോഹന് എംഎല്‍എ എന്നിവരുടെ സാന്നിധ്യത്തില്‍ കളക്ടര്‍ ആനി ജൂല തോമസിന് ചേമ്പറിലെത്തി കൈമാറി.
എന്‍എച്ച് 744, എന്‍ എച്ച് 66ന്റെ സര്‍വീസ് റോഡ് എന്നിവയെ ബന്ധിപ്പിച്ചാണ് നിലവില്‍ നിര്‍മാണം നടക്കുന്ന മേല്‍പ്പാലത്തിന്റെ അതിരുകളിലായി രണ്ട് സര്‍വീസ് ആര്‍ഒബികള്‍ പണിയുന്നത്. ദേശീയപാത അഥോറിറ്റിക്ക് നല്കുന്ന പ്രൊപ്പോസലില്‍ പഠനറിപ്പോര്‍ട്ട് ഉള്‍പ്പെടുത്തും. അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് നടപടിക്രമങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് എംപി നിര്‍ദേശം നല്കി.
കല്ലുംതാഴം മേല്‍പ്പാല നിര്‍മാണം ജൂലൈ അവസാനത്തോടെ തീര്‍ക്കാനാകുമെന്ന് ദേശീയപാത അഥോറിറ്റി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സര്‍വീസ് ആര്‍ഒബികളും യാഥാര്‍ഥ്യമാകുന്നതോടെ മേഖലയിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്നും അറിയിച്ചു. ദേശീയപാത അഥോറിറ്റി ഉദ്യോഗസ്ഥര്‍, ടികെഎം എന്‍ജിനിയറിംഗ് കോളജിലെ വിദഗ്ധര്‍, ദേശീയപാത ഡെപ്യൂട്ടി കളക്ടര്‍ എം.ഉഷാകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.
District News
കുണ്ടറ : വീട്ടമ്മയ്ക്ക് കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റു. കുന്നിക്കോട് കോട്ടവട്ടം കുറ്റിക്കോണം സരസ്വതി വിലാസത്തില്‍ സരസ്വതി (53) ക്കാണ് കുത്തേറ്റത്. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം.
ഇവര്‍ വാടകയ്ക്ക് താമസിക്കുന്ന കുന്നിക്കോട് വടക്ക് കല്ലൂര്‍ കോണത്ത് വീടിനു മുന്പില് നില്‍ക്കവേയാണ് കാട്ടു പന്നിയുടെ ആക്രമണം ഉണ്ടായത്. കുത്തേറ്റ് വീഴുന്നതിനിടെ പന്നി വീട്ടമ്മയുടെ രണ്ട് കൈയിലും കടിച്ചതാണ് ഗുരുതരമായി പരിക്കേല്‍ക്കാന്‍ കാരണം.
ഇരുകൈയിലെയും വിരലിന് ആഴത്തില്‍ മുറിവേറ്റതിനാല്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം ഇവരെ വിദഗ്ധ ചികിത്സയ്ക്കായി പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
District News
കൊല്ലം : സംസ്ഥാന സര്‍ക്കാരിന്റെ ലഹരിക്കെതിരെയുള്ള പദ്ധതി ഓപ്പറേഷന് തൂഫാന് കൊല്ലം ഡോണ്‍ ബോസ്കോ ടെക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച ലഹരിവിരുദ്ധ വിദ്യാര്‍ഥി കൂട്ടായ്മ വിഷ്ണു മോഹന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥി സമൂഹം ലഹരിക്കെതിരെയുള്ള മുന്നേറ്റത്തില്‍ പങ്കാളികളാകണമെന്നും. മാനസികമായ സ്വയം പ്രതിരോധത്തിലൂടെ ലഹരിരഹിത ജീവിതശൈലി രൂപപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് ലഹരി ഉപയോഗം ഗണ്യമായി കുറഞ്ഞുവരുന്നെങ്കിലും ഇനിയും കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ഡോണ്‍ ബോസ്കോ ടെക്ക് ഡയറക്ടര്‍ ഫാ.ആന്റണി ജോസഫ് അധ്യക്ഷനായിരുന്നു. കൊല്ലം ഡോണ്‍ ബോസ്കോ കമ്മ്യൂണിറ്റി റെക്ടര്‍ ഫാ.ബെഞ്ചമിന്‍ ജോര്‍ജ് പാമ്പക്കല് ലഹരിവിരുദ്ധ സന്ദേശം നല്കി.
കോര്പറേഷന് കൗണ്‍സിലര്‍ എസ്. ധന്യ, കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി എ.ജെ. ഡിക്രൂസ്. ഡിബി ടെക്ക് കേരള സീനിയര്‍ എക്സിക്യൂട്ടീവ് ആര്.കൃഷ്ണകുമാര്‍, ഡിബി ടെക്ക് കോ-ഓർഡിനേറ്റര്‍ ടിനു റൂബന്‍, എസ്.ഷൈനി എന്നിവര്‍ പ്രസംഗിച്ചു. ലഹരിവിരുദ്ധ പ്രതിജ്ഞ, ലഹരിവിരുദ്ധ ബോധവത്കരണ കലാപരിപാടികളും സംഘടിപ്പിച്ചു.
District News
സുല്‍ത്താന്‍ ബത്തേരി: കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടിന് സമീപമുള്ള മധൂര്‍, കക്കല്‍ത്തുണ്ടി, ബേഗൂര്‍ എന്നിവിടങ്ങളിലെ ചെറുതും വലുതുമായ കുളങ്ങളില്‍ താമരപ്പൂ കൃഷി വ്യാപകമാകുന്നു.
താമരപ്പൂ കൃഷിയിലേക്ക് പുതുതായി തിരിഞ്ഞ കര്‍ഷകര്‍ നിരവധി. കാലാവസ്ഥാവ്യതിയാനത്തെുടര്ന്നു കൃഷിരീതികളിലുണ്ടായ മാറ്റത്തിന്റെ ഭാഗമായാണ് താമരപ്പൂ കൃഷിക്ക് പ്രിയമറിയത്. മെച്ചപ്പെട്ട വരുമാനമാണ് കൃഷിയിലൂടെ ലഭിക്കുന്നതെന്നു കര്‍ഷകര്‍ പറയുന്നു.
പ്രതിദിനം 50 മുതല്‍ 100 വരെ പൂക്കള്‍ വിപണിയിലെത്തിക്കുന്ന കര്‍ഷകരുണ്ട്. ബംഗളൂരുവാണ് താമരപ്പൂക്കളുടെ പ്രധാന വിപണി. നിറം,വലിപ്പം, ഗുണനിലവാരം എന്നിവയെ ആശ്രയിച്ച് ഒരു പൂവിന് 50 മുതല്‍ 80 വരെ രൂപ വില ലഭിക്കുന്നുണ്ട്.
ക്ഷേത്രങ്ങളില്‍ പൂജകളിലും വിവാഹച്ചടങ്ങുകളിലും താമരപ്പൂക്കള്‍ ഉപയോഗിക്കുന്നുണ്ട്.
താമരപ്പൂ കൃഷിക്ക് യോജിച്ചതാണ് മധൂര്‍, കക്കല്‍ത്തുണ്ടി, ബേഗൂര്‍ തുടങ്ങിയ പ്രദേശങ്ങളിലെ കാലാവസ്ഥ. ഇവിടങ്ങളില്‍ ജലസമൃദ്ധമായ കുളങ്ങളും ധാരാളമുണ്ട്.
District News
മാനന്തവാടി: ആലാറ്റിൽ നിർമല എൽപി സ്കൂളിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി "ബിയോണ്ട് ദ ബസ്’ ലോഗോ പ്രകാശനവും ബോധവത്കരണവും സംഘടിപ്പിച്ചു. ലോഗോ പ്രകാശനം തലപ്പുഴ എസ്ഐ അഹമ്മദ് ഇർഫാൻ നിർവഹിച്ചു.
ബോധവത്കരണം മാനേജർ ഫാ. ബാബു കക്കാട്ടിക്കാലായിൽ ഉദ്ഘാടനം ചെയ്തു. ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളും ലഹരിവിമുക്ത സമൂഹം കെട്ടിപ്പടുക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം വിശദീകരിച്ചു. പിടിഎ പ്രസിഡന്റ് സോണി മാളിയേക്കൽ അധ്യക്ഷത വഹിച്ചു.
സിപിഒ അണ്ണൻ സന്നിഹിതനായിരുന്നു. ഹെഡ്മിസ്ട്രസ് ബീന ജോസഫ് സ്വാഗതം പറഞ്ഞു. അധ്യാപകരും പിടിഎ പ്രതിനിധികളും ലഹരിവിരുദ്ധ സന്ദേശം കൈമാറി. ലഹരിപ്പിശാചിനെ കത്തിക്കൽ, ലഹരിവിരുദ്ധ പോസ്റ്റർ നിർമാണം, ലഹരിക്കെതിരേ മുദ്രാവാക്യം മുഴക്കൽ എന്നിവ നടന്നു.
District News
കല്‍പ്പറ്റ: സര്‍വീസ് പെന്ഷന് വ്യവസ്ഥകള്‍ തകര്‍ക്കുന്ന തരത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പെന്ഷന് വാലിഡേഷന്‍ നിയമം പിന്‍വലിക്കണമെന്ന് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന് ജില്ലാ കണ്വന്ഷന് ആവശ്യപ്പെട്ടു.
സംസ്ഥാന സെക്രട്ടറി സി. അപ്പുക്കുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.പി. നാരായണന് നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു."ലേബര്‍ കോഡുകളും പെന്ഷന് വാലിഡേഷന്‍ നിയമവും ഉയര്‍ത്തുന്ന വെല്ലുവിളികള്‍' എന്ന വിഷയത്തില്‍ ഐപ്സോ ജില്ലാ പ്രസിഡന്റ് എസ്. അജയകുമാര്‍ പ്രഭാഷണം നടത്തി.
പെന്ഷന് വാലിഡേഷന്‍, പിഎഫ്ആര്‍ഡിഎ നിയമങ്ങള്‍ റദ്ദുചെയ്യണമെന്നാവശ്യപ്പെട്ട് കെഎസ്എസ്പിയു ഇന്ത്യന്‍ പ്രസിഡന്റിന് സമര്‍പ്പിക്കുന്ന ഭീമ ഹര്‍ജിയിലേക്ക് ജില്ലയില്‍നിന്നു സമാഹരിച്ച ഒപ്പുകള്‍ സി. അപ്പുക്കുട്ടിക്ക് ജില്ലാ രക്ഷാധികാരി പി.പി. ഗോപാലകൃഷ്ണന് കൈമാറി. ജില്ലാ സെക്രട്ടറി എം.ജി. രാജന് ട്രഷറര്‍ ഇ.കെ. ജയരാജന് എന്നിവർ സംസാരിച്ചു.
District News
വൈത്തിരി: രൂക്ഷമായ പുലിശല്യം പെരുന്തട്ട നിവാസികളെ വലയ്ക്കുന്നു. മാസങ്ങളായി പ്രദേശത്ത് പുലി സാന്നിധ്യമുണ്ട്. കഴിഞ്ഞദിവസം രാത്രി സനോജ് എന്ന യുവാവ് പുലി ആക്രമണത്തില്‍നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
പൊഴുതന സ്വദേശിയായ സനോജ് ജോലി കഴിഞ്ഞ് രാത്രി ബൈക്കില്‍ വീട്ടിലേക്ക് പോകുന്നതിനിടെ റോഡരികിലെ കാട്ടില്‍നിന്ന് പുലി ചാടിവീഴുകയായിരുന്നു. ബൈക്കിന്റെ വേഗത കൂട്ടിയതാണ് പുലിയുടെ ആക്രമണത്തില്‍നിന്നു രക്ഷപ്പെടുന്നതിന് സഹായമായത്. എന്നാല്‍ ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് നിസാര പരിക്കേറ്റു.
ഉപജീവനത്തിന് കന്നുകാലികളെ വളര്‍ത്തുന്ന നിരവധി കുടുംബങ്ങള്‍ പെരുന്തട്ടയിലുണ്ട്. സമീപകാലത്ത് നിരവധി വളര്‍ത്തുമൃഗങ്ങളെയാണ് പുലി പിടിച്ചത്. സന്ധ്യകഴിഞ്ഞാല്‍ സുരക്ഷിതമായി വീടിന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ് പ്രദേശവാസികള്‍. കുട്ടികളെ സ്കൂളില്‍ വിടാന്‍ രക്ഷിതാക്കള്‍ ഭയക്കുകയാണ്.
പുലിസാന്നിധ്യം വനം ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചെങ്കിലും പിടികൂടാന്‍ ഫലപ്രദമായ നടപടി സ്വീകരിക്കുന്നില്ല. പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്നാണ് നിരീക്ഷണത്തിന് കാമറകള്‍ സ്ഥാപിച്ചത്. പുലിയെ കൂടുവച്ചോ മയക്കുവെടി പ്രയോഗിച്ചോ പിടിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പുലിശല്യത്തിന് അടിയന്തര പരിഹാരം കാണാത്തപക്ഷം ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് അവരുടെ തീരുമാനം.
District News
സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ ഇഞ്ചിക്കൃഷി ചെയ്യുന്ന കര്‍ഷകരുടെ എണ്ണം കുറയുന്നു. ഒരുകാലത്ത് വ്യാപകമായിരുന്ന ഇഞ്ചിക്കൃഷി ജില്ലയില്‍ നിലവില്‍ നാമമാത്രമാണ്.
തുടര്‍ച്ചയായ രോഗബാധ, കീടാക്രമണം, വിലത്തകര്‍ച്ച, വന്യമൃഗശല്യം എന്നിവയാണ് കര്‍ഷകരെ ഇഞ്ചിക്കൃഷിയില്‍നിന്ന് അകറ്റിയത്.
ഇഞ്ചിക്കൃഷി പൂര്‍ണമായും ഉപേക്ഷിച്ച കര്‍ഷകര്‍ നിരവധിയാണ്. ചിലര്‍ വീട്ടാവശ്യത്തിന് മാത്രമാണ് ഇഞ്ചി കൃഷി ചെയ്യുന്നത്. ഇലമഞ്ഞളിപ്പ്, തണ്ടുചീയല്‍ തുടങ്ങിയ രോഗങ്ങള്‍ ഇഞ്ചിക്കര്‍ഷകര്‍ക്ക് വലിയ നഷ്ടമാണ് വരുത്തിയത്.
ഇഞ്ചി മുളച്ചുതുടങ്ങുന്ന ഘട്ടത്തില്‍ത്തന്നെ കൂട്ടമായി എത്തുന്ന കുരങ്ങുകള്‍ നശിപ്പിക്കുന്നതും തിരിച്ചടിയായി. രാവും പകലും കാവല്‍ നിന്നിട്ടും വിള സംരക്ഷിക്കാന്‍ കഴിയാത്ത സാഹചര്യം പല കര്‍ഷകരെയും കൃഷിയില്‍നിന്ന് പിന്തിരിപ്പിച്ചു. വിപണിയില്‍ ഇഞ്ചിക്ക് മെച്ചപ്പെട്ട വിലയാണ് ഇപ്പോഴുള്ളത്. ചാക്കിന് (60 കിലോഗ്രാം) 7,500 മുതല്‍ 8,000 രൂപ വരെയാണ് വില. ചില്ലറ വിപണിയില്‍ ഇഞ്ചി കിലോഗ്രാമിന് 160 രൂപ വരെയും മൊത്തവിപണിയില്‍ 120-130 രൂപയും വിലയുണ്ട്.
എന്നാല്‍ വില്ക്കാന് ഉത്പന്നമില്ലാത്തതിനാല് ഇതിന്റെ പ്രയോജനം കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല. നിരവധി മലയാളികള്‍ കര്‍ണാടകയിലും തമിഴ്നാട്ടിലും ഭൂമി പാട്ടത്തിനെടുത്ത് ഇഞ്ചിക്കൃഷി നടത്തുന്നുണ്ട്. ഇവരെയും രോഗവ്യാപനം ബാധിച്ചിരിക്കയാണ്.
District News
ഗൂഡല്ലൂര്‍: കേരള സര്‍ക്കാര്‍ പ്രിയദര്‍ശിനി സൗജന്യ യാത്രാപദ്ധതി നടപ്പാക്കിയതോടെ നീലഗിരിയിലെ മസിനഗുഡിയില്‍ വിനോദസഞ്ചാരത്തിനെത്തുന്ന മലയാളി വനിതകളുടെ എണ്ണം വര്‍ധിച്ചു.
തൃശൂര്‍, പെരിന്തല്‍മണ്ണ, പാലക്കാട്, നിലമ്പൂര്‍, കോഴിക്കോട്, ബത്തേരി എന്നിവിടങ്ങളില്‍നിന്നു നീലഗിരിയിലേക്കും തിരിച്ചുമുള്ള കെഎസ്ആര്‍ടിസി ബസുകളില്‍ മിക്കതും പ്രിയദര്‍ശിനി സൗജന്യയാത്ര അനുവദിച്ചതാണ്. സ്വന്തം നാടുകളില്‍നിന്നു ടിക്കറ്റ് ചെലവില്ലാതെ ഗൂഡല്ലൂരിലെത്തുന്ന സ്ത്രീകള്‍ ഏതാനും കിലോമീറ്റര്‍ മാത്രം അകലെയുള്ള മസിനഗുഡി സന്ദര്‍ശിച്ചശേഷമാണ് മടങ്ങുന്നത്.
നീലഗിരിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് മുതുമല കടുവാസങ്കേതത്തിന്റെ ഭാഗമായ മസിനഗുഡി. പ്രകൃതി സൗന്ദര്യവും വന്യജീവികളെ തൊട്ടടുത്ത് കാണാന്‍ ഉതകുന്ന കാനന സവാരിയും മസിനഗുഡിയുടെ മുഖ്യആകര്‍ഷണങ്ങളാണ്.
കൂടുതല്‍ മലയാളി സ്ത്രീകള്‍ എത്തിത്തുടങ്ങിയതോടെ മസിനഗുഡിയിലെ കടകളില്‍ നീലഗിരി ചായപ്പൊടി, ഊട്ടി വര്‍ക്കി, നാടന്‍ തേന്‍ തുടങ്ങിയവയുടെ വില്പന വര്‍ധിച്ചതായി വ്യാപാരികള്‍ പറഞ്ഞു.
District News
പുല്‍പ്പള്ളി: സ്കൂള്‍ കായികമേള അത്തലോണ്‍ 26 ന്റേയും ലഹരി വിരുദ്ധ മാസാചരണത്തിന്റെയും ഭാഗമായി പെരിക്കല്ലൂര്‍ ടൗണില്‍ നിന്നും കബനിഗിരി സ്കൂളിലേക്ക് ലഹരി വിരുദ്ധ ദീപശിഖ പ്രയാണം നടത്തി.
കഴിഞ്ഞ വര്‍ഷം സംസ്ഥാന സ്കൂള്‍ കായിക മേളയില്‍ പങ്കെടുത്ത കുട്ടികളുടെ നേതൃത്വത്തിലായിരുന്നു പ്രയാണം. ദീപശിഖ പ്രയാണ യാത്രയുടെ ഉദ്ഘാടനം പെരിക്കല്ലൂര്‍ ക്നാനായ കത്തോലിക്ക ഫൊറോനാ പള്ളി അസിസ്റ്റന്റ് വികാരി ഫാ. എബിന് ദീപശിഖ തെളിയിച്ച് നിര്‍വഹിച്ചു.
തുടര്‍ന്ന് സ്കൂളില്‍ എത്തി ചേര്‍ന്ന ദീപശിഖയില് നിന്നും സ്കൂള്‍ മാനേജര്‍ ഫാ. ജോണി കല്ലുപുര ദീപശിഖ ഏറ്റുവാങ്ങി സ്കൂളില്‍ തയാറാക്കിയിരുന്ന ദീപശിഖയില് തീ പകര്‍ന്നു.
പുല്‍പ്പള്ളി പോലീസ് സ്റ്റേഷനിലെ എസ്ഐ കെ.ജെ. ബെന്നി സല്യൂട്ട് സ്വീകരിച്ചു.
മുള്ളന്‍കൊല്ലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിനു കച്ചിറയില്‍, പി.ജെ. ജോണ്സണ്, എംപിടിഎ പ്രസിഡന്റ് സോജി തോമസ്, സ്കൂള്‍ ഹെഡ് മാസ്റ്റര്‍ എ.ടി. ഷാജി, സീനിയര്‍ അധ്യാപിക ഷിജി തോമസ്, അധ്യാപകരായ എം.ടി. ബിനു, എം.എം. ആന്റണി, ആല്ബിന് കെ. കുര്യന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
District News
മേപ്പാടി: മീനാക്ഷിയില്‍ ഈ മാസം ഏഴിനുണ്ടായ മണ്ണിടിച്ചില്‍ ദുരന്തത്തെത്തുടര്‍ന്ന് തൊള്ളായിരംകണ്ടി വിനോദ സഞ്ചാര മേഖലയ്ക്ക് ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കണമെന്ന് ആവശ്യമുയര്‍ന്നു.
പ്രധാനമായും തൊള്ളായിരം കണ്ടിയിലേക്ക് ഓഫ് റോഡ് സര്‍വീസ് നടത്തിയിരുന്ന ജീപ്പ് ഡ്രൈവര്‍മാരില്‍ നിന്നാണ് ഈ ആവശ്യമുയരുന്നത്. 200ല്‍പ്പരം ജീപ്പുകളാണ് ഇവിടെ സര്‍വീസ് നടത്തിയിരുന്നത്. അവരുടെയെല്ലാം വരുമാനമാണ് ഇപ്പോള്‍ മുടങ്ങിയിരിക്കുന്നത്. കൂടാതെ തൊള്ളായിരംകണ്ടി പരിസരങ്ങളിലായി പ്രവൃത്തിക്കുന്ന 20 ഓളം റിസോര്‍ട്ടുകളിലായി 300ല്‍പ്പരം തൊഴിലാളികളും ജോലി ചെയ്യുന്നുണ്ട്.
നിരോധനംമൂലം ഇവരുടെ ജോലിയും വരുമാനവും നഷ്ടമായിരിക്കുകയാണ്. മേഖലയിലെ സൂചിപ്പാറ, അട്ടമല വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ക്ക് വിലക്കില്ലെങ്കിലും മീനാക്ഷി പാലത്തിലെ ഗതാഗത നിയന്ത്രണംമൂലം സഞ്ചാരികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. മഴ കുറഞ്ഞ സാഹചര്യത്തില്‍ നിയന്ത്രണം ഒഴിവാക്കുകയും സഞ്ചാരികള്‍ക്ക് വരാനുള്ള സൗകര്യമൊരുക്കുകയും വേണമെന്നാണ് ആവശ്യമുയരുന്നത്.
വിനോദ സഞ്ചാരകേന്ദ്രങ്ങളെ ആശ്രയിച്ച് വ്യാപാരം നടത്തിയിരുന്ന നിരവധി ചെറുകിട സ്ഥാപനങ്ങളും നിരോധനംമൂലം പ്രതിസന്ധിയിലായിട്ടുണ്ട്. നിരോധനം പിന്‍വലിക്കുക മാത്രമാണ് ഇതിനുള്ള പരിഹാരം എന്നതാണ് മേഖലയില്‍ നിന്നുയരുന്ന അഭിപ്രായം.
District News
കോഴിക്കോട്: വിദ്യാര്‍ഥികള്‍ക്കിടയില്‍ മികച്ച കായിക സംസ്കാരം വളര്‍ത്തിയെടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍.
കോഴിക്കോട് ഗവ. കോളജ് ഓഫ് ഫിസിക്കല്‍ എഡ്യുക്കേഷനില്‍ കായിക ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനവും "മെറിറ്റ് ഡേ' അവാര്‍ഡ് ദാനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കലാലയങ്ങളില്‍ അക്കാദമിക വിഷയങ്ങള്‍ക്കുള്ള അതേ പ്രാധാന്യം കായിക രംഗത്തിനും നല്‍കണം.
ക്ലാസ്മുറികളുടെ തുടര്‍ച്ചയാകണം കായികരംഗം. ഒരു വ്യക്തിയുടെ സമഗ്ര വളര്‍ച്ചയില്‍ കായികരംഗത്തിന് വലിയ പ്രാധാന്യമാണുള്ളത്. കളിക്കളത്തില്‍ നിന്ന് പഠിക്കുന്ന പാഠങ്ങള്‍ വിദ്യാര്‍ഥികളെ ജീവിതത്തിലെ കഠിനമായ സാഹചര്യങ്ങളെ നേരിടാന്‍ സഹായിക്കുന്നതിനൊപ്പം ശാരീരികവും മാനസികവുമായ കരുത്ത് നല്‍കുമെന്നും മന്ത്രി പറഞ്ഞു.
മഹത്തായ പാരമ്പര്യവും ചരിത്രവുമുള്ള ഫിസിക്കല്‍ എഡ്യുക്കേഷന്‍ കോളജില്‍ 400 മീറ്റര്‍ ട്രാക്ക് നിര്‍മിക്കാന്‍ ആവശ്യമായ ഇടപെടലുകള്‍ വിവിധ വകുപ്പുകളുമായി ചേര്‍ന്ന് നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
2025-26 അധ്യയന വര്‍ഷം അക്കാദമിക, കായിക മേഖലകളില്‍ ദേശീയ, അന്തര്‍ദേശീയ നേട്ടം കൈവരിച്ച വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡുകള്‍ മന്ത്രി വിതരണം ചെയ്തു. ചടങ്ങില്‍ അഡ്വ. കെ. ജയന്ത് എംഎല്‍എ അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ശ്രീജ സുരേഷ്, കാലിക്കട്ട് സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം മധു രാമനാട്ടുകര, കോളജ് പ്രിന്‍സിപ്പല്‍ ഡോ. കെ. പ്രസന്നകുമാരന്‍, പ്രോഗ്രാം കോഓഡിനേറ്റര്‍ ഡോ. സുനില്‍ അല്‍ഫോണ്‍സ്, പിടിഎ എക്സിക്യൂട്ടീവ് അംഗം സിന്ധു ശ്രീധര്‍, വിദ്യാര്‍ഥി പ്രതിനിധി വിപില്‍ വി. ഗോപാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
കാലിക്കട്ട് സര്‍വകലാശാലക്കു കീഴിലാണ് ഗവേഷണ കേന്ദ്രം പ്രവര്‍ത്തിക്കുക. ആദ്യഘട്ടത്തില്‍ 3.90 കോടി രൂപ ചെലവിട്ടു നിര്‍മിച്ച കേന്ദ്രത്തില്‍ കായികരംഗത്തെ വിവിധ വിഷയങ്ങളിലായി ഇതുവരെ 17 വിദ്യാര്‍ഥികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
District News
വടകര: അഴിയൂര്‍ കോറോത്ത് റോഡിലെ പതിനേഴുകാരനായ അഭിജിത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ആറ് പേര്‍ക്കെതിരേ പോലീസ് കേസെടുത്തു. ലഹരി ഉപയോഗിച്ചെന്ന് ആരോപിച്ച് ആള്‍ക്കൂട്ട മര്‍ദനത്തിലും വിചാരണയിലും മനംനൊന്താണ് അഭിജിത്ത് ജീവനൊടുക്കിയതെന്ന് കാണിച്ച് സുഹൃത്തുക്കള്‍ നല്കിയ പരാതിയിലാണ് നടപടി.
റിസ്വാന്, അഭിനവ്, ഷമില്‍, നസീഫ്, ഷഹബാസ്, മിസ്ഹബ് എന്നിവര്‍ക്കെതിരേയാണ് ചൊക്ലി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ ഞായറാഴ്ചയാണ് അഭിജിത്തിനെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ ചെയ്യുന്നതിന് തലേന്ന് ഒളവിലത്ത് വച്ച് ഒരുസംഘമാളുകള്‍ ചേര്‍ന്ന് തന്നെ മര്‍ദിച്ചെന്നും ശരീരമാസകലം വേദനയുണ്ടെന്നും അഭിജിത്ത് അമ്മയോടും സഹോദരനോടും പറഞ്ഞിരുന്നു.
എന്നാല്‍ അഭിജിത്തിന്റെ മരണശേഷമാണ് സുഹൃത്തുക്കള്‍ ആള്‍ക്കൂട്ട വിചാരണയുടെ വിവരങ്ങള്‍ വെളിപ്പെടുത്തുന്നത്. തങ്ങള്‍ ലഹരി ഉപയോഗിച്ചെന്ന് തെറ്റിദ്ധരിച്ച് ഈ സംഘം ക്രൂരമായി മര്‍ദിച്ചെന്നും അഭിജിത്തിന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി വീട്ടില്‍ പറയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും സുഹൃത്തുക്കള്‍ പറഞ്ഞു.
ഇതില്‍ മനംനൊന്താണ് അഭിജിത്ത് ആത്മഹത്യ ചെയ്തതെന്നാണ് കുടുംബവും സുഹൃത്തുക്കളും ആരോപിക്കുന്നത്.
District News
കോഴിക്കോട്: കൈകാലുകളിലെ അമിതമായ നീരുവീക്കം (ലിംഫെഡിമ) ബാധിച്ചവർക്ക് മികച്ച ചികിത്സ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ കോഴിക്കോട് ആസ്റ്റർ മിംസിൽ ഉത്തര കേരളത്തിലെ ആദ്യ ലിംഫെഡിമ ക്ലിനിക്ക് പ്രവർത്തനമാരംഭിച്ചു.
ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ ലിമിറ്റഡ് എംഡിയും ഗ്രൂപ്പ് സിഇഒയുമായ വരുൺ ഖന്ന ക്ലിനിക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു.കാൻസർ ചികിത്സയുടെ ഭാഗമായുള്ള ശസ്ത്രക്രിയകൾക്ക് ശേഷമോ റേഡിയേഷൻ മൂലമോ മറ്റു അണുബാധകൾ കൊണ്ടോ ശരീരത്തിലെ ലിംഫ് നാളികൾക്ക് ഉണ്ടാകുന്ന തകരാറുകൾ കാരണം കൈകാലുകളിൽ വലിയ രീതിയിൽ നീരുവീക്കം രൂപപ്പെടുന്ന അവസ്ഥയാണ് ലിംഫെഡിമ.
രോഗികൾക്ക് ലോകോത്തര നിലവാരത്തിലുള്ളതും അത്യാധുനികവുമായ ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കുക എന്നതാണ് ആസ്റ്ററിന്റെ എക്കാലത്തെയും ലക്ഷ്യമെന്നും വർഷങ്ങളായി ലിംഫെഡിമ മൂലം ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന നിരവധി രോഗികൾക്ക് പുതിയ ക്ലിനിക്ക് വലിയൊരു ആശ്വാസമാകുമെന്നും ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ ലിമിറ്റഡ് എം.ഡി. വരുൺ ഖന്ന പറഞ്ഞു.
രോഗികളെ സാധാരണ ജീവിതത്തിലേക്ക് വേഗത്തിൽ മടങ്ങാൻ സഹായിക്കുന്ന സമഗ്രമായ പരിചരണമാണ് പ്രത്യേക ക്ലിനിക്കിലൂടെ ലക്ഷ്യമാക്കുന്നത് എന്ന് പ്ലാസ്റ്റിക് സർജറി വിഭാഗം മേധാവിയും സീനിയർ കൺസൾട്ടന്റുമായ ഡോ. സെബിൻ വി. തോമസ് പറഞ്ഞു.
District News
മുക്കം: മാസങ്ങൾക്ക് മുമ്പ് തുടങ്ങുകയും ഇപ്പോഴും പാതിവഴിയിൽ നിൽക്കുകയും ചെയ്യുന്ന മുക്കം ടൗൺ സൗന്ദര്യവത്കരണ പ്രവൃത്തിയുടെ രണ്ടാം ഘട്ടം ഉടൻ പൂർത്തിയാക്കാൻ നിർദേശം. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് സി.കെ. കാസിം എംഎൽഎ നിർദേശം നൽകിയത്. പ്രവൃത്തിക്കെതിരേ വ്യാപാരികളുടെയും യാത്രക്കാരുടെയും നിരന്തര പരാതികൾ ഉയർന്നിരുന്നു എങ്കിലും ഇതൊന്നും വകവെക്കാതെ കരാറുകാരൻ മുന്നോട്ട് പോവുന്ന സാഹചര്യമായിരുന്നു.
പ്രവൃത്തിയുടെ ഭാഗമായി മാസങ്ങളായി പല സ്ഥലങ്ങളിലും പൊളിച്ചിടുകയും പുതിയ സ്റ്റാൻഡ് അടച്ചിടുകയും ചെയ്തതോടെ മുക്കത്തെ വ്യാപാരികൾക്ക് പെരുന്നാൾ കച്ചവടവും പൂർണമായും നഷ്ടമായിരുന്നു. ഇനിയാകെ പ്രതീക്ഷിക്കുന്ന ഓണം സീസൺ കൂടി നഷ്ടമാവുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. ഈ സാഹചര്യത്തിലാണ് എംഎൽഎയുടെ നേതൃത്വത്തിൽ ആദ്യം സ്ഥലം സന്ദർശിക്കുകയും തുടർന്ന് പൊതുമരാമത്ത് വകുപ്പ്, ജല അഥോറിറ്റി ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം ചേരുകയും ചെയ്തത്.
ജനങ്ങൾക്ക് യാതൊരു ബുദ്ധിമുട്ടുമുണ്ടാവാത്ത തരത്തിൽ പൊതുമരാമത്ത് വകുപ്പിന്റെയും അഥോറിറ്റിയുടെയും പ്രവൃത്തി എത്രയും പെട്ടെന്ന് പൂർത്തിയാക്കാനും പുതിയ ബസ് സ്റ്റാൻഡ് ഉടൻ തുറന്ന് കൊടുക്കാനും എംഎൽഎ നിർദേശം നൽകി.
എംഎൽഎ ഓഫീസിൽ നടന്ന യോഗത്തിൽ നഗരസഭ കൗൺസിലർമാരായ സജീഷ് വയലത്ത്, ശരീഫ് വെണ്ണക്കോട്, സുഹറ വഹാബ്, ജിജി ജയരാജ്, ഹനീഫ തെച്ചിയാട്, ഷബാന, പിഡബ്യൂഡി എക്സിക്യൂട്ടിവ് എൻജിനിയർ കെ.വി. സുജീഷ് തുടങ്ങിയവർ പങ്കെടുത്തു.
District News
കോഴിക്കോട് : സംസ്ഥാനത്ത് നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ആവർത്തിച്ച് സംഭവിക്കുന്ന മണ്ണിടിച്ചിലും കെട്ടിടനിർമാണ അപകടങ്ങളും നിരവധി മനുഷ്യജീവനുകൾ നഷ്ടമാക്കുന്ന സാഹചര്യത്തിൽ അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ എല്ലാ നിർമാണ സ്ഥലങ്ങളിലും നിയമപ്രകാരമുള്ള സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും ലംഘിക്കുന്നവർക്കെതിരെ കർശന നയമനടപടികൾ സ്വീകരിക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്.
തൊഴിലാളികളുടെ സുരക്ഷാ സംവിധാനങ്ങൾ, മണ്ണിടിച്ചിൽ പ്രതിരോധ നടപടികൾ, എന്‍ജീനീയറിംഗ് പരിശോധനകൾ എന്നിവ കർശനമായി പാലിക്കുന്നുണ്ടെന്ന് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജില്ലാ ലേബർ വകുപ്പും മറ്റ് ബന്ധപ്പെട്ട സ്ഥാപനങ്ങളും സംയുക്തമായി കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തി ഉറപ്പാക്കണം.
സുരക്ഷാ മാനദണ്ഡങ്ങളിൽ വീഴ്ച കണ്ടെത്തിയാൽ പ്രവൃത്തി അടിയന്തരമായി നിർത്തിവയ്ക്കാനും ഉത്തരവാദികൾക്കെതിരെ നിയമാനുസൃതം കർശന നടപടികൾ സ്വീകരിക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു.
ബന്ധപ്പെട്ട വകുപ്പുകൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി അത് കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ജില്ലാദുരന്തനിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കളക്ടർക്ക് കമ്മീഷൻ നിർദ്ദേശം നൽകി.തൊണ്ടയാട്-പന്തീരാങ്കാവ് ബൈപാസിന് സമീപം നിർമാണ സ്ഥലത്തുണ്ടായ മണ്ണിടിച്ചിലിൽ അതിഥിതൊഴിലാളി മരിച്ച സംഭവത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
District News
വിലങ്ങാട്: പ്രകൃതി താണ്ഡവമാടിയ വിലങ്ങാട് ജീവന് പണയം വച്ച് സെന്‍സസ് നടത്തേണ്ട അവസ്ഥയില്‍ ജീവനക്കാര്‍. നീര്‍ച്ചാലുകള്‍ക്ക് കുറുകെ കവുങ്ങിന് തടി നിരത്തിയ പാലവും ഉരുള്‍ അവശേഷിച്ച കൂറ്റന്‍ കല്ലുകളും കുത്തി ഒലിച്ചിറങ്ങിയ പാറകളും ഇവരെ ഭീതിപ്പെടുത്തുകയാണ്.
വാണിമേല്‍ പഞ്ചായത്തിലെ എട്ട്, ഒന്‍പത് വാര്‍ഡുകളാണ് ഏറെ കഠിനം. ദുഷ്കരമായ വഴികളിലൂടെ നടന്ന ഒരു ദിവസം 20 വീടുകളില്‍ മാത്രമാണ് എത്താനാവുന്നത്. 200 മുതല്‍ 300 വരെ വീടുകളാണ് ടാര്‍ജറ്റ്. മലയോര മേഖലകളില്‍ നിന്ന് കുടിയിറക്കം തുടങ്ങിയതോടെ പല വീടുകളിലും ആള്‍ത്താമസം ഇല്ലാതായിരിക്കുന്ന അവസ്ഥയാണ്. ഉള്ള വീടുകളിലാണെങ്കില്‍ പകല്‍ സമയങ്ങളില്‍ ആരും ഉണ്ടാവുന്നില്ല. ഇതെല്ലാം താണ്ടിവേണം എന്യൂമറേറ്റമാര്‍ ജോലിചെയ്യാന്‍.
വീട്ടുകാരെ തേടി നാല് പ്രാവശ്യം വരെ മലകയറി ഇറങ്ങേണ്ടി വന്നെന്നാണ് പലരും പറയുന്നത്. വന മേഖലയോട് ചേര്‍ന്ന് കിടക്കുന്ന കമ്പിളിപാറ, പൂവത്താം കണ്ടി മേഖലകള്‍ പകല്‍സമയങ്ങളില്‍ പോലും ഭീതി ജനിപ്പിക്കുന്ന സ്ഥലമാണ്. പന്നി ശല്യവും ഈ മേഖലയിലുണ്ട്. ഉരുള്‍ സര്‍വനാശം വിതച്ച മഞ്ഞച്ചിളി , പാനോം , ആനക്കുഴി ഭാഗങ്ങളില്‍ താമസക്കാര്‍ നന്നേ കുറവാണ്. ഈ പ്രദേശം മുഴുവന്‍ കാട് മൂടിയ നിലയിലാണ്.
തകര്‍ന്ന് തരിപ്പണമായ കെട്ടിടാവശിഷ്ടങ്ങള്ക്കരികിലേക്ക് എത്താന്‍ പോലും കാട് വെട്ടിത്തെളിച്ച് വഴികള്‍ ഉണ്ടാക്കണം. മഴ ഒഴിഞ്ഞ് നില്ക്കുന്ന സമയങ്ങളില്‍ മാത്രമേ ഈ പ്രദേശത്ത് കണക്കെടുപ്പ് നടത്താന്‍ കഴിയു എന്നാണ് എന്യൂമറേറ്റര്‍മാർ പറയുന്നത്.
District News
കോഴിക്കോട്: നൂറുവർഷം പഴക്കമുള്ള തപാൽപ്പെട്ടി, ഗ്രാമഫോണുകൾ, വിവിധ തരത്തിലുള്ള റാന്തലുകൾ, പഴമയുടെ ശേഖരങ്ങളാല്‍ സമ്പന്നമാണ് കുറ്റിച്ചിറയിലെ 69കാരനായ അബ്ദുൾ ജബ്ബാറിന്റെ കറാനി വീട്...
അപൂർവവും പുരാതനവുമായ വസ്തുക്കളുടെ വലിയ ശേഖരമാണ് ഇവിടെയുള്ളത്. പുരാവസ്തുക്കൾ മാത്രമല്ല, പഴയ ഫർണിച്ചറുകൾ, ഒരു നയാ പൈസ മുതൽ 1000 രൂപയുടെ വരെയുള്ള കമനീയമായ നാണയശേഖരം, പഴയകാല ക്ലോക്കുകള്‍ എന്നിവയും കറാനി വീടിന്റെ അകത്തളങ്ങളെ പുതിയ കാലത്ത് കാണാക്കാഴ്ചകളുടെ ഇടമാക്കുന്നു.
ഈ പുരാവസ്തുക്കളെല്ലാം സൂക്ഷിച്ചുവെച്ചിരിക്കുന്ന അബ്ദുൾ ജബ്ബാറിന്റെ വീടിന് നൂറ് വർഷത്തിലധികം പഴക്കമുണ്ട്.കുട്ടിക്കാലം മുതൽ അബ്ദുൾ ജബ്ബാറിന് ഇത്തരം വസ്തുക്കൾ ശേഖരിക്കുന്നതിന് കമ്പമുണ്ടായിരുന്നു. 40 വർഷത്തോളമായി അബ്ദുൾ ജബ്ബാർ പുരാവസ്തു ശേഖരണം തുടങ്ങിയിട്ട്.
ആദ്യമായി താൻ ശേഖരിച്ച വസ്തു 1923ൽ നിർമിച്ച ചിമ്മണി വിളക്കാണെന്ന് അബ്ദുൾ ജബ്ബാർ പറയുന്നു. 1986ൽ ഈ വിളക്ക് അദ്ദേഹം വില കൊടുത്ത് വാങ്ങിക്കുകയായിരുന്നു. അബ്ദുൾ ജബ്ബാറിന്റെ പുരാവസ്തുക്കളോടുള്ള താത്പര്യം കണ്ടറിഞ്ഞ് അദ്ദേഹത്തിന്റെ നിരവധി സുഹൃത്തുക്കൾ പലതരത്തിലുള്ള വസ്തുക്കൾ കൊണ്ടുവന്ന് കൊടുക്കാറുണ്ട്. തന്റെ ഹൃദയം കവർന്ന വസ്തുക്കൾ വാങ്ങുന്നതിനും വീട്ടിൽ സൂക്ഷിക്കുന്നതിനുമായി എത്രദൂരം വരെയും യാത്ര ചെയ്യാൻ ഈ പ്രായത്തിലും ഇദ്ദേഹത്തിന് മടിയില്ല.
പണ്ട് കാലങ്ങളിൽ കല്യാണ വീടുകളിൽ സ്ത്രീകൾ ഇരിക്കുന്നതിനായി ഉപയോഗിച്ചിരുന്ന 60 വർഷം പഴക്കമുള്ള മാസർ പലക മറ്റൊരു ആകർഷണമാണ്. ഏഴോളം പലകകൾ കൊണ്ടാണ് ഇത് നിർമിച്ചിരിക്കുന്നത്, ക്രിസ്ത്യൻ പള്ളികളിൽ ഉപയോഗിച്ചിരുന്ന മൂന്ന് മാമോദീസാ തൊട്ടികളും കറാനി വീട്ടിലുണ്ട്. അബ്ദുൾ ജബ്ബാറിന്റെ പുരാവസ്തുക്കളോടുള്ള താത്പര്യത്തിന് എല്ലാ പിന്തുണയുമായി ഭാര്യ മൈമൂനയും മക്കളായ അക്രം, അക്സർ, അറ്റ്ലർ, ആദിൻ എന്നിവരും ഒപ്പമുണ്ട്.
District News
വിലങ്ങാട്: ഉരുൾ പൊട്ടൽ ദുരന്തത്തിൽ സർവം നഷ്ടപ്പെട്ട കുടുംബത്തിന് വീടൊരുക്കി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ. വിലങ്ങാടിന് ഒരു കൈത്താങ്ങ് എന്ന ആശയവുമായി 2024 ആഗസ്റ്റ് 22 ന് വടകരയിലെ മുഴുവൻ ബസുകളും കാരുണ്യയാത്ര നടത്തുകയും അന്ന് സർവീസ് നടത്തി ലഭിച്ച ഏഴ് ലക്ഷം രൂപയും, തൊഴിലാളികളുടെയും ഉടമകളുടെയും നേതൃത്വത്തിൽ സർവീസ് നടത്തി കിട്ടിയ വരുമാനവും ചേർത്ത് പത്ത് ലക്ഷത്തി ഇരുപത്തിഅയ്യായിരം രൂപ വിലങ്ങാട് സെന്റ് ജോർജ് ഫെറോന പള്ളി വികാരി ഫാ. വിൽസൺ മുട്ടത്ത് കുന്നേലിന് കൈമാറിയിരുന്നു.
തുടർന്ന് പത്ത് സെന്റ് സ്ഥലവും വീടും കണ്ടെത്തി. കഴിഞ്ഞ ദിവസം കുടുംബത്തിന് കൈമാറുകയായിരുന്നു. വിലങ്ങാട് സെന്റ് ജോർജ് ഫെറോന പള്ളി വികാരി ഫാ. വിൽസൺ മുട്ടത്ത് കുന്നേലിന്റെ നേതൃത്വത്തിൽ കുടുംബത്തിന്റെ ഗൃഹപ്രവേശം നടത്തി.
ചടങ്ങിൽ വീടിന്റെ താക്കോൽദാനം അസോസിയേഷൻ ഭാരവാഹികൾ നിർവഹിച്ചു. പ്രസിഡന്റ് കുഞ്ഞമ്മത് സൽവ, സെക്രട്ടറി എ.പി. ഹരിദാസൻ എന്നിവർ സംബന്ധിച്ചു.
District News
പെരിന്തല്‍മണ്ണയില്‍ മെഗാ തൂഫാന് കാമ്പയിന് തുടങ്ങി
പെരിന്തല്‍മണ്ണ: ലഹരി മാഫിയയ്ക്കെതിരായ പോരാട്ടത്തിന് കേരള പോലീസില്‍ സ്ഥിര സംവിധാനമുണ്ടാക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല. പെരിന്തല്‍മണ്ണ ഷിഫ കണ്വന്ഷന് സെന്ററില്‍ നടന്ന മെഗാ തൂ ഫാന്‍ കാമ്പയിന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ലഹരിമാഫിയയുടെ വേരറുക്കുന്നത് വരെ ഓപ്പറേഷന് കാമ്പയിന് തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
ഓപറേഷന് തൂഫാന് പോലെ ജനങ്ങള്‍ ഏറ്റെടുത്ത മറ്റൊരു കാമ്പയിന് അടുത്ത കാലത്ത് ഉണ്ടായിട്ടില്ല. കേരളത്തിലുടനീളം ഓപറേഷന് തൂഫാന് സമ്മേളനങ്ങള്‍, ജാഥകള്‍, കലാപരിപാടികള്‍, ബോധവത്ക്കരണ ക്ലാസുകള്‍ തുടങ്ങി വിപുലമായ പരിപാടികള്‍ നടന്നു വരികയാണ്.
പുതിയ തലമുറയെ ലഹരിയില്‍നിന്ന് മോചിപ്പിക്കുക എന്നതാണ് ലക്ഷ്യം. ഈ കാമ്പയിന് ഏറ്റെടുത്തിട്ടുള്ളത് അമ്മമാരും സഹോദരിമാരുമാണ്. ലഹരിമാഫിയക്കെതിരേ പോലീസ് നിതാന്ത ജാഗ്രതയിലാണ്. ലഹരി മാഫിയയ്ക്ക് മുന്പില് കേരളം മുട്ടു മടക്കില്ല. മുന്‍പ് മയക്കു മരുന്ന് മാഫിയയെ ജനങ്ങള്‍ക്ക് പേടിയായിരുന്നു. ഇപ്പോള്‍ ജനങ്ങളെ മാഫിയ ഭയക്കുന്ന കാലമാണ്. മറ്റ് തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും ഓപറേഷന് തൂഫാന്റെ അലയൊലികള്‍ ഉണ്ടായിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നജീബ് കാന്തപുരം എംഎല്‍എ അധ്യക്ഷത വഹിച്ചു.
ഓപറേഷന് തൂഫാന് കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാന വിതരണവും തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്ള തൂഫാന് വാരിയര്‍ ബാഡ്ജ് വിതരണവും മന്ത്രി നിര്‍വഹിച്ചു.
വി.എസ്. ജോയ് എംഎല്‍എ, ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണ്‍, മുന്‍ മന്ത്രി നാലകത്ത് സൂപ്പി, മുന്‍സിപ്പല്‍ ചെയര്‍ പേഴ്സണ്‍ സുരയ്യ ഫാറൂഖ്, പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് നജ്മ തബ്ഷീറ, മോട്ടിവേഷന്‍ സ്പീക്കര്‍ രംഗീഷ് കടവത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.
District News
മലപ്പുറം: അമൃത് ഭാരത് സ്റ്റേഷന് പദ്ധതിയില്ജില്ലയില് നവീകരിച്ച മൂന്ന് റെയില്‍വെ സ്റ്റേഷനുകള്‍ പ്രധാനമന്ത്രി രനേന്ദ്ര മോദി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. നിലമ്പൂര്‍, തിരൂര്‍, പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനുകളാണ് പദ്ധതിയില്‍ നവീകരിച്ചത്. അമൃത് ഭാരത് സ്റ്റേഷന് പദ്ധതി പ്രകാരം നിലമ്പൂര്‍ സ്റ്റേഷനില്‍ 16.44 കോടി രൂപയുടെ പ്രവര്‍ത്തിയും തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ 26.55 കോടിയുടെയും പ്രവൃത്തിയാണ് പൂര്‍ത്തീകരിച്ചത്. പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനില്‍ 14.21 കോടി രൂപയുടെ പ്രവൃത്തിയും നടപ്പാക്കിയെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ആധുനിക യാത്രാ സൗകര്യങ്ങള്‍, മെച്ചപ്പെട്ട സഞ്ചാര മേഖലകള്‍, മികച്ച നിലവാരമുള്ള സ്റ്റേഷന്, യാതക്കാര്ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയ യാഥാര്‍ഥ്യമാക്കിയാണ് റെയില്‍വെ സ്റ്റേഷനുകള്‍ നവീകരിച്ചത്.
സ്റ്റേഷനുകളുടെ മുന്‍വശം,കാത്തിരിപ്പ് സൗകര്യങ്ങള്‍, ലൈറ്റിംഗ്, യാത്രാ വിവര സംവിധാനങ്ങള്‍, പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ക്ക് അനുയോജ്യമായ സൗകര്യങ്ങള്‍ എന്നിവ ഒരുക്കിയ സൗകര്യങ്ങളില്‍പ്പെടും.
രാജ്യത്ത് റെയില്‍വെയുടെ സുവര്‍ണകാലമാണെന്ന് പി.വി അബ്ദുള്‍വഹാബ് എം.പി. നിലമ്പൂരില്‍ പറഞ്ഞു. ആര്യാടന് ഷൗക്കത്ത് എംഎല്‍എ, നഗരസഭാ അധ്യക്ഷ പത്മിനി ഗോപിനാഥ്, കൗണ്‍സിലര്‍മാരായ ഷേര്‍ളി മോള്, പി. വിജയനാരായണന്‍, സ്റ്റേഷന് മാനേജര്‍ സുനിത തുടങ്ങിയവര്‍ സംസാരിച്ചു.
അമൃത് ഭാരത് സ്റ്റേഷന് ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചിത്രരചനാ, ഉപന്യാസ രചനാ മത്സരങ്ങളിലെ വിജയികള്‍ക്ക് ചടങ്ങില്‍ സമ്മാനം വിതരണം ചെയ്തു. വിവിധ കലാപരിപാടികളും അരങ്ങേറി.
District News
മക്കരപ്പറമ്പ്: വിദ്യാർഥികളിൽ കൃഷിബോധവും പ്രകൃതിസ്നേഹവും വളർത്തുകയെന്ന ലക്ഷ്യത്തോടെ മക്കരപ്പറമ്പ് ഗവൺമെന്റ് ഹൈസ്കൂളിൽ വീടുകളിൽ ഒരു കൃഷിത്തോട്ടം പദ്ധതിക്ക് തുടക്കം.
പച്ചക്കറി ഉത്പാദനത്തിൽ സ്വയംപര്യാപ്തത നേടാനും വിഷരഹിത ആഹാരശീലം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഫോറസ്ട്രി ക്ലബ്ബിന്റെയും സീഡ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ പദ്ധതി നടപ്പാക്കുന്നത്.
എട്ടാം ക്ലാസിലെ "നട്ടു നനയ്ക്കാം നന്മകൾ കൊയ്യാം' എന്ന പാഠഭാഗത്തിന്റെ തുടർ പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂളിലെ മുഴുവൻ കുട്ടികൾക്കും തങ്ങളുടെ വീടുകളിൽ നട്ടുപിടിപ്പിക്കുന്നതിനായി വിവിധയിനം ഗുണമേന്മയുള്ള പച്ചക്കറി വിത്തുകൾ അടങ്ങിയ പാക്കറ്റുകൾ നൽകി.
പുതുതലമുറയ്ക്ക് മണ്ണിലേക്കിറങ്ങാനും കൃഷിയുടെ പ്രാധാന്യം മനസിലാക്കാനും പദ്ധതി ഏറെ സഹായകരമാകുമെന്ന് ഹൈസ്കൂൾ പ്രധാനധ്യാപിക കെ.ടി. ജസീല പറഞ്ഞു. വിത്തുപായ്ക്കറ്റുകളുടെ വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അവർ.
കുട്ടികൾ സ്വന്തം വീടുകളിൽ തയാറാക്കുന്ന കൃഷിത്തോട്ടങ്ങളുടെ പരിപാലനവും വിളവെടുപ്പും ക്ലബ് ഭാരവാഹികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ വിലയിരുത്തും.
മികച്ച രീതിയിൽ കൃഷി ചെയ്യുന്ന വിദ്യാർഥികൾക്ക് വരും ദിവസങ്ങളിൽ പ്രത്യേക പുരസ്കാരങ്ങൾ നൽകുമെന്ന് ഫോറസ്ട്രി ക്ലബ് കോ-ഓർഡിനേറ്റർ പി. പ്രമോദ് അറിയിച്ചു. അധ്യാപകരായ എൻ.പി. രാജേഷ് കുമാർ, ആർ.എൻ. ദിവ്യ, ഫാസിൽ തുടങ്ങിയവർ പങ്കെടുത്തു.
District News
മലപ്പുറം: ഡോ. അബ്ദുസമദ് സമദാനിയുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട അവലോകന യോഗം ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയലിന്റെ അധ്യക്ഷതയില്‍ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. എം.പി ഫണ്ട് ഉപയോഗിച്ചുള്ള പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനും ഫണ്ട് വിനിയോഗം കാര്യക്ഷമമാക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കളക്ടര്‍ കര്‍ശന നിര്‍ദേശം നല്കി. പദ്ധതികളുടെ പുരോഗതി ഉദ്യോഗസ്ഥര്‍ നിരന്തരമായി വിലയിരുത്തണമെന്നും യോഗത്തില്‍ ആവശ്യപ്പെട്ടു.
ആകെ 11.26 കോടി രൂപ ചെലവ് വരുന്ന 219 പ്രവൃത്തികളാണ് എംപി നിര്‍േദശിച്ചിട്ടുള്ളത് (മലപ്പുറം ജില്ലയില്‍ 176 പ്രവൃത്തികളും പാലക്കാട് ജില്ലയില്‍ 43 പ്രവൃത്തികളും). ഇതില്‍ 5.96 കോടി രൂപയുടെ 157 പ്രവൃത്തികള്‍ക്ക് ഇതിനകം ഭരണാനുമതി ലഭ്യമായി. (മലപ്പുറത്ത് 127, പാലക്കാട് ജില്ലയില്‍ 30 പ്രവൃത്തികള്‍).
ഇ-സാക്ഷി പോര്‍ട്ടല്‍ വഴി 11.65 ലക്ഷം രൂപയുടെ ആറ് പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. 98.07 ലക്ഷം രൂപയുടെ 34 പ്രവൃത്തികള്‍ കൂടി പൂര്‍ത്തിയായതായി പോര്‍ട്ടലില്‍ രേഖപ്പെടുത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. 3.75 കോടി രൂപ പട്ടികജാതി/പട്ടികവര്‍ഗ വികസനത്തിനായി മാറ്റിവച്ചിട്ടുണ്ട്. ഇതില്‍ 1.68 കോടി രൂപയുടെ പ്രവൃത്തികള്‍ നിലവില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
ബാക്കിയുള്ള 2.06 കോടി രൂപയുടെ പദ്ധതികള്‍ എത്രയും വേഗം സമര്‍പ്പിക്കാന്‍ യോഗം നിര്‍ദേശിച്ചു. 2026-27 വര്‍ഷം മെയിന്റനന്‍സ് വിഭാഗത്തില്‍ 30 ലക്ഷം രൂപയുടെ പ്രവൃത്തികള്‍ നിര്‍ദേശിച്ചിട്ടുണ്ട്. യോഗത്തില്‍ എം.പി. ഡോ. അബ്ദുസ്സമദ് സമദാനി എം.പി, പ്ലാനിംഗ് ഓഫീസര്‍ ടി.വി. ഷാജു, ഫിനാന്‍സ് ഓഫീസര്‍ ഇ. പ്രസീത എന്നിവരും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.
District News
മലപ്പുറം: വഖഫ് ബോര്‍ഡ് നിയമനവുമായി ബന്ധപ്പെട്ടുള്ള കോടതി വിധിയില്‍ സര്‍ക്കാരിന്റെ അഭിഭാഷകന് ഹരജിക്കാരന് കൂട്ടുനിന്നുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തെ തള്ളി മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം.
വഖഫ് ബോര്‍ഡില്‍ ഇതര മതസ്ഥരില്പ്പെട്ടവരെ നിയമിക്കാമെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞിട്ടില്ലെന്നും ഒരു മതത്തിന്റെയും കാര്യത്തില്‍ മറ്റു മതവിഭാഗങ്ങള്‍ക്ക് അവസരം കൊടുക്കുന്നത് ശരിയല്ല എന്ന നിലപാട് തുടരുമെന്നും അദ്ദേഹം പറഞ്ഞു.
വഖഫ് ബോര്‍ഡിനെ സംബന്ധിച്ച് കേരള ഹൈകോടതിയില്‍ നാല് കേസുകളാണ് വന്നത്. ഷിയാസമുദായം തങ്ങളുടെ പ്രതിനിധിയെ വച്ചിട്ടില്ലെന്ന കേസ്, ബോറാ സമുദായം തങ്ങളുടെ പ്രതിനിധികളെ വച്ചിട്ടില്ലെന്ന കേസ്, മാനദണ്ഡങ്ങളും നിയമങ്ങളും പാലിച്ചിട്ടില്ലെന്നും സാങ്കേതികമായി ബോര്‍ഡിന്റെ രൂപീകരണം നടന്നിട്ടില്ലെന്നുമുള്ള കേസ്, അമുസ്ലിം പ്രതിനിധികളെ വെച്ചിട്ടില്ലെന്ന് പറഞ്ഞ് ഷോണ്‍ ജോര്‍ജ് നല്കിയ കേസ്.
ഇതെല്ലാം ഒന്നിച്ചാണ് കോടതി പരിഗണിക്കുന്നത്. ഇതില്‍ വഖഫ് ബോര്‍ഡിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ പരിശോധിക്കാമെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞിരിക്കുന്നത്.
അല്ലാതെ രണ്ട് അമുസ്ലിം പ്രതിനിധികളെ വെക്കാന്‍ തയാറാണെന്ന് പറഞ്ഞിട്ടില്ല. തമിഴ്നാട്ടില്‍ വഖഫ് ബോര്‍ഡ് പിരിച്ചുവിട്ടത് സംബന്ധിച്ച് സുപ്രിം കോടതിയില്‍ അപ്പീല്‍ നിലനില്‍ക്കുന്നുണ്ട്.
അതിന്റെ വിധികളൊക്കെ വരാനുണ്ട്. അതിനനുസൃതമായി രാജ്യത്തെ നീതിന്യായ വ്യവസ്ഥയ്ക്ക് അനുസരിച്ചുള്ള തീരുമാനങ്ങളാണ് കേരള സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എടുക്കുക. പാര്‍ലമെന്റില്‍ ഈ ബില്ല് വന്ന സമയത്ത് അതിശക്തമായ നിലപാട് ലീഗ് സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലീഗ് മന്ത്രിമാര്‍ക്കെതിരേ വിമര്‍ശനമില്ല
പാര്‍ട്ടി മന്ത്രിമാര്‍ക്കെതിരേ പാര്‍ട്ടിക്കകത്തുനിന്നോ പോഷക സംഘടകളില്നിന്നോ ഒരു വിമര്‍ശനവും ഉണ്ടായിട്ടില്ല. തന്നോട് പോഷക സംഘടനാ നേതാവോ പാര്‍ട്ടി പ്രവര്‍ത്തകനോ അതുസംബന്ധിച്ച് ഒരു കത്ത് നല്‍കുകയോ ഒരു വിമര്‍ശനം പറയുകയോ ചെയ്തിട്ടില്ല. പുറത്തുവന്നത് യൂത്ത് ലീഗിന്റെ പ്രമേയമാണെന്ന് ഞാന്‍ പറയണമെങ്കില്‍ എനിക്കോ പാര്‍ട്ടിയുടെ ഏതെങ്കിലും വേദിയിലോ അതിന്റെ ഒരു പകര്‍പ്പെങ്കിലും കിട്ടേണ്ടേയെന്നും അദ്ദേഹം ചോദിച്ചു.
നിലവിലുള്ള മന്തിമാരുടെ പ്രവര്‍ത്തനത്തില്‍ നേതൃത്വത്തിന് സംതൃപ്തിയാണ്. മന്ത്രിമാരും പാര്‍ട്ടിയും രണ്ട് വഴിക്കാണ് പോകുന്നതെന്ന് മാധ്യമങ്ങള്‍ സൃഷ്ടിക്കുന്നതാണ്. മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് നിയമനം പൂര്‍ത്തിയായെന്നും അദ്ദേഹം പറഞ്ഞു.
District News
മലപ്പുറം: ജില്ലാ ആസ്ഥാനമായ മലപ്പുറത്തിന്റെ സമഗ്ര വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കാന്‍ മന്ത്രിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, മന്ത്രി പി.കെ. ബഷീര്‍ എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന ചേര്‍ന്ന ഉദ്യോഗസ്ഥരുടെയും ജനപ്രതികളുടെയും യോഗത്തില്‍ തീരുമാനം. മലപ്പുറം നഗരത്തിന്റെയും സമീപ പ്രദേശങ്ങളുടെയും സമഗ്ര വികസനത്തിന് ഉതകുന്ന മാസ്റ്റര്‍ പ്ലാന്‍ തയാറാക്കാനാണ് തീരുമാനം.
സിവില്‍ സ്റ്റേഷനിലെ 44 ഏക്കര്‍ ഭൂമി പരമാവധി പ്രയോജനപ്പെടുത്തും. കോട്ടപ്പടിയിലുളള സര്‍ക്കാര്‍ ഓഫീസുകള്‍ സിവില്‍ സ്റ്റേഷനിലേക്ക് മാറ്റുന്നതോടെ ലഭ്യമാകുന്ന സ്ഥലം താലൂക്ക് ആശുപത്രിയുടെ വികസനത്തിനായി ഉപയോഗിക്കും. 65 കോടി രൂപ ചെലവില്‍ സിവില്‍ സ്റ്റേഷനില്‍ റവന്യു ടവര്‍ നിര്‍മിക്കും.
ഇതിനായി ഏഴ് കോടിയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. മലപ്പുറം കളക്ടറേറ്റിലെ കോണ്‍ഫറന്‍സ് ഹാള്‍ നവീകരണത്തിന് ഒരുകോടി രൂപയുടെ പദ്ധതി തയാറാക്കും. മലപ്പുറം നഗരസഭാ പരിധിയിലെ 19 റോഡുകളുടെ നവീകരണത്തിന് 84 കോടിയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. വിവിധ റോഡുകളുടെ നവീകരണത്തിനും പദ്ധതിയുണ്ട്.
പാലക്കാട്-കോഴിക്കോട് ദേശീയപാതയുടെ വികസനത്തിന് 172 കോടിയുടെ പ്രവൃത്തികള്‍ നടപ്പാക്കും. മക്കരപ്പറമ്പിലെയും മോങ്ങത്തെയും ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനുള്ള പദ്ധതി, മലപ്പുറം -വേങ്ങര, മലപ്പുറം-മഞ്ചേരി തുടങ്ങിയ റോഡുകളുടെ വികസനവും മാസ്റ്റര്‍ പ്ലാനിലുണ്ടാവും. കൂടുതല്‍ സ്ഥലമേറ്റെടുത്ത് നിലവിലുള്ള പാതകള്‍ക്ക് വീതികൂട്ടി ഇരട്ടിപ്പിക്കാനും ഗതാഗതം സുഗമമാക്കാനുമാനും ലക്ഷ്യമിടുന്ന. ഡിസൈന്‍ റോഡുകള്‍ റോഡിന്റെ ഇരുവശങ്ങളിലും സൗന്ദര്യവത്കരണ പ്രവൃത്തികള്‍ എന്നിവയും നടപ്പാക്കും.
District News
മഞ്ചേരി: യുട്യൂബ് ലൈവ് സ്ട്രീമിംഗിനിടെ യുവതിയെ അപമാനിച്ച കേസില്‍ റിമാന്‍ഡിലായ യൂട്യൂബറെ കൂടുതല്‍ അന്വേഷണത്തിനും തെളിവെടുപ്പിനുമായി മഞ്ചേരി പോലീസ് കസ്റ്റഡിയില്‍ വാങ്ങി. വിവാദ യൂട്യൂബര്‍ തൊപ്പി എന്ന നിഹാദിന്റെ കൂട്ടാളിയായ കണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശി കെ. മുഹമ്മദ് എന്ന മമ്മുവിനെയാ (20)ണ് പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്.
ഗായകന് ഹനാന്‍ഷായുടെ സുഹൃത്തിന്റെ ഭാര്യയും മഞ്ചേരി മുട്ടിപ്പാലം സ്വദേശിനിയുമായ 22കാരിയുടെ പരാതിയിലാണ് മഞ്ചേരി പോലീസ് ഇന്‍സ്പെക്ടര്‍ മനോജ് കെ. ഗോപി പ്രതിയെ അറസ്റ്റ് ചെയ്തത്. യൂട്യൂബ് ലൈവിനിടെ തന്നെ അധിക്ഷേപിച്ചെന്ന് കാണിച്ച് യുവതി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കണ്ണൂരില്‍നിന്നായിരുന്നു അറസ്റ്റ്.
തൊപ്പിയും സംഘവും താമസിച്ചിരുന്ന എറണാകുളത്തെ ഫ്ളാറ്റില്‍ കസ്റ്റഡിയില്‍ വാങ്ങിയ പ്രതിയുമായി എത്തി പോലീസ് തെളിവെടുപ്പ് നടത്തി.
കേസിലെ ഒന്നാംപ്രതിയായ കണ്ണൂര്‍ കല്യാശേരി മങ്ങാട് സ്വദേശി നിഹാദ് എന്ന തൊപ്പി (26) ഉള്‍പ്പെടെ മൂന്നുപേര്‍ ഒളിവിലാണ്. ഇവര്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു. സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചതിനും, ഐ.ടി ആക്ട്, ഡിജിറ്റല്‍ മാധ്യമങ്ങള്‍ വഴി പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കിയതിനുമാണ് കേസ്.
District News
എടക്കര: മാര്‍ ഇവാനിയോസിന്റെ 73 -ാം ഓര്‍മപ്പെരുന്നാളും തീര്‍ഥാടന പദയാത്രയും നാളെ മൂത്തേടം ഫാത്തിമ ആര്‍ട്സ് ആൻഡ് സയന്‍സ് കോളജ് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എടക്കര വൈദിക ജില്ലയിലെ 15 ദേവാലയങ്ങളില്‍നിന്നുള്ള 2000ത്തിൽപ്പരം വിശ്വാസികള്‍ പങ്കെടുക്കും.
എടക്കര ബസ് സ്റ്റാന്‍ഡില്‍നിന്ന് നാളെ രാവിലെ എട്ടിന് പദയാത്ര ആരംഭിക്കും. ഒൻപതരയോടെ മൂത്തേടം ഫാത്തിമ ആര്‍ട്സ് ആൻഡ് സയന്‍സ് കോളജ് പരിസരത്ത് സംഗമിക്കും.
തുടര്‍ന്ന് ആഘോഷമായ വി. കുര്‍ബാന, അനുസ്മരണ പ്രഭാഷണം, ധൂപ പ്രാര്‍ഥന, ഭക്തസംഘടനകളുടെ അവാര്‍ഡ് ദാനം എന്നിവ നടക്കും. മാവേലിക്കര ഭദ്രാസനാധ്യക്ഷന്‍ ഡോ. മാത്യൂസ് മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിക്കും. സ്നേഹവിരുന്നോടെ പരിപാടികള്‍ സമാപിക്കും. പ്രോട്ടോ വികാരി ഫാ. തോമസ് കല്ലൂര്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി റെന്നി വര്‍ഗീസ്, പബ്ലിസിറ്റി കണ്‍വീനര്‍ സാബു പൊന്മേലില്, ടി.ജി. രാജു, സജി പന്തപ്ലാവില്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
നിലമ്പൂര്‍: മലങ്കര സുറിയാനി കത്തോലിക്ക സഭ ബത്തേരി ഭദ്രാസനം നിലമ്പൂര്‍ മേഖലയുടെ നേതൃത്വത്തില്‍ ധന്യന്‍ ആര്‍ച്ച് ബിഷപ് മാര്‍ ഈവാനിയോസിന്റെ 73ാമത് ഓര്‍മപ്പെരുന്നാളും തീര്‍ഥാടന പദയാത്രയും നാളെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
രാവിലെ 8.30ന് നിലമ്പൂർ ലിറ്റില്‍ ഫ്ളവര്‍ ഫെറോനാ ദേവാലയത്തില്‍നിന്ന് ആരംഭിക്കുന്ന പദയാത്ര ഫെറോന വികാരി ഫാ. സെബാസ്റ്റ്യന്‍ പുത്തേന്‍ ഉദ്ഘാടനം ചെയ്യും.
നിലമ്പൂര്‍ മേഖലയില്‍നിന്നുള്ള എട്ട് ദേവാലയങ്ങളില്‍നിന്നുള്ള വിശ്വാസികള്‍ കാവി വസ്ത്രങ്ങള്‍ അണിഞ്ഞ് പങ്കെടുക്കുന്ന പദയാത്ര നിലമ്പൂർ ടൗൺ ചുറ്റി 10ന് കോടതിപ്പടിയിലുള്ള ജോസ്ഗിരി മലങ്കര കത്തോലിക്ക ദേവാലയത്തില്‍ സമാപിക്കും. തുടര്‍ന്ന് നിലമ്പൂര്‍ മേഖല പ്രോട്ടോ വികാരി ഫാ. തോമസ് ചാപ്രത്തിന്റെ കാര്‍മികത്വത്തില്‍ വി. കുര്‍ബാന അര്‍പ്പിക്കും.
തുടര്‍ന്ന് നടക്കുന്ന മാര്‍ ഇവാനിയോസ് അനുസ്മരണ സമ്മേളനത്തില്‍ എംസിഎംഎഫ് സഭാതല ഡയറക്ടര്‍ ഫാ. മാത്യു അറയ്ക്കല്‍ അനുസ്മരണ പ്രഭാഷണം നടത്തും. ചടങ്ങില്‍ നിലമ്പൂര്‍ മേഖലയില്‍നിന്ന് എസ്എസ്എല്‍സി, പ്ലസ് ടു തുടങ്ങി വിവിധ മേഖലകളില്‍നിന്ന് ഉന്നതവിജയം നേടിയവരെ ആദരിക്കും. കലാപരിപാടികളും സ്നേഹവിരുന്നും ഉണ്ടായിരിക്കും.
വാര്‍ത്താസമ്മേളനത്തില്‍ പ്രോട്ടോ വികാരി റവ. ഫാ. തോമസ് ചാപ്രത്ത്, രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. ബാബു വര്‍ഗീസ്, എംസിഎ മേഖല പ്രസിഡന്റ് സന്തോഷ് തോമസ്, ഇടവക ട്രസ്റ്റി ബൈജു ഏഴുമായില്‍ എന്നിവര്‍ പങ്കെടുത്തു.
ധന്യന്‍ മാര്‍ ഇവാനിയോസ് തിരുമേനി കേരളത്തിന്റെ സാമൂഹിക-സാംസ്കാരിക-വിദ്യാഭ്യാസ മേഖലകളില്‍ നടത്തിയിട്ടുള്ള സ്തുത്യര്‍ഹമായ സേവനങ്ങള്‍ ഭാരവാഹികള്‍ വിവരിച്ചു. ഓപറേഷൻ തൂഫാന് പിന്തുണയും പ്രഖ്യാപിച്ചു.
District News
മൂവാറ്റുപുഴ: മൂവാറ്റുപുഴ എക്സൈസ് റേഞ്ചിന് കീഴില്‍ വ്യാജ രേഖകള്‍ നിര്‍മ്മിച്ച് കള്ളുഷാപ്പ് ലൈസന്‍സുകള്‍ നേടിയെടുക്കുന്നതുമായി ബന്ധപ്പെട്ട പരാതിയെ തുടര്‍ന്ന് എക്സൈസ് മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. മൂവാറ്റുപുഴ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സാബു ജോണ്‍ മന്ത്രി എം. ലിജുവിന് നല്കിയ പരാതിയെ തുടര്‍ന്നാണ് ഉത്തരവ്. പരാതിയുടെ ഗൗരവം കണക്കിലെടുത്ത് വിഷയം അടിയന്തരമായി അന്വേഷിച്ച് നടപടിയെടുക്കാൻ മന്ത്രി എക്സൈസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്കി.
മൂവാറ്റുപുഴ മേഖലയില്‍ കള്ളുഷാപ്പ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് തെങ്ങ്, പന ഉടമകളുടെ വ്യാജ സമ്മതപത്രം ഉപയോഗിച്ചാണ് ലൈസന്‍സുകള്‍ സംഘടിപ്പിച്ചിരിക്കുന്നതെന്ന് നേരത്തെ മുതല്‍ ആരോപണം ഉയര്‍ന്നിരുന്നു.
ലൈസന്‍സ് ലഭിക്കാന്‍ ആവശ്യമായ പനയോ, തെങ്ങോ, ചെത്തുതൊഴിലാളികളോ ഈ മേഖലയില്‍ ലഭ്യമല്ലെന്നിരിക്കെ വ്യാജ രേഖകള്‍ ഉണ്ടാക്കിയാണ് ഇവ നേടിയെടുത്തിട്ടുള്ളത്. അഴിമതിക്ക് ചെത്തുതൊഴിലാളി യൂണിയനും എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍മാരും ഒത്താശ ചെയ്യുന്നതായി പരാതിയില്‍ ആരോപിക്കുന്നു. ഇതിലൂടെ യൂണിയന് തൊഴിലാളികളുടെ വേതനത്തിന്റെ നിശ്ചിത ശതമാനവും ഇന്‍സ്പെക്ടര്‍മാര്‍ക്ക് കൈക്കൂലിയും ലഭിക്കുന്ന ഒരു ആസൂത്രിത അഴിമതിയാണിതെന്നും പരാതിയില്‍ പറയുന്നുണ്ട്.
ഷാപ്പുകളില്‍ വിതരണം ചെയ്യുന്നത് കഞ്ചാവും മയക്കുമരുന്നുകളും ചേര്‍ത്തുണ്ടാക്കുന്ന കൃത്രിമ കള്ളാണെന്നും ഇത് ജനങ്ങളുടെ ആരോഗ്യത്തെയും നാടിന്റെ സമാധാനത്തെയും ഗുരുതരമായി ബാധിക്കുമെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
മൂവാറ്റുപുഴ പ്രദേശത്ത് നിലവില്‍ നല്‍കിയിരിക്കുന്ന മുഴുവന്‍ കള്ള് ഷാപ്പ് ലൈസന്‍സുകളും റദ്ദാക്കണമെന്നും ഇവിടെ വിതരണം ചെയ്യുന്ന കള്ള് കൃത്യമായ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. മാറാടിയില്‍ കള്ളുഷാപ്പിന് ലൈസന്‍സ് കൊടുത്തതിനെ തുടര്‍ന്ന് ഒരു മാസമായി നീണ്ടുനിന്ന ജനകീയ സമരവും ഇതോടെ അവസാനിച്ചു.
District News
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ നവജാതശിശുവിനെ, ജില്ലാ ശിശുക്ഷേമ സമിതിയും (സിഡബ്ല്യുസി) ശിശുസംരക്ഷണ യൂണിറ്റും (ഡിസിപിയു) ചേർന്ന് ഏറ്റെടുത്തു. വിദഗ്ധ ചികിത്സയ്ക്കുശേഷം ആരോഗ്യനില തൃപ്തികരമായതിനെ തുടർന്നാണ് പെൺകുഞ്ഞിനെ ഏറ്റെടുത്തത്.
ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം, കുഞ്ഞിനെ കൂടുതൽ പരിചരണത്തിനായി നവജാതശിശുക്കളുടെ പ്രത്യേക കേന്ദ്രമായ സ്പെഷൽ അഡോപ്ഷൻ ഏജൻസിയിലേക്ക് മാറ്റിയതായി ശിശുക്ഷേമ സമിതി ചെയർപേഴ്സൺ അഡ്വ. ഉല്ലാസ് മധു അറിയിച്ചു.
കഴിഞ്ഞ 14ന് അർധരാത്രിയിലാണ് അമ്മത്തൊട്ടിലിൽ കുഞ്ഞിനെ സുരക്ഷിതമായി കിടത്തിയ അജ്ഞാതൻ, വിവരം ആശുപത്രിയിലേക്കു ഫോണിൽ വിളിച്ചറിയിച്ചത്.
ഉടൻ സ്ഥലത്തെത്തിയ ആശുപത്രി അധികൃതർ കുഞ്ഞിനെ സുരക്ഷിതമായി ശിശുപരിചരണ വിഭാഗത്തിലേക്കു മാറ്റി. ആവശ്യമായ വിദഗ്ധ ചികിത്സയും പരിചരണവും ഉറപ്പാക്കിയിരുന്നു.
ജനറൽ ആശുപത്രി ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. ബി. സെൻസി, നവജാത ശിശുരോഗ വിഭാഗം ഡോക്ടർമാർ എന്നിവരിൽ നിന്നാണ് കുഞ്ഞിനെ അധികൃതർ സർക്കാരിനുവേണ്ടി ഏറ്റുവാങ്ങിയത്.
ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗങ്ങളായ ഡോ. ബിനു സനാതനൻ, അഡ്വ. ശ്രീലക്ഷ്മി , എം. സന്ധ്യ ,വി. കെ. ജിൻസിമോൾ കുരിയൻ, ജില്ലാ ശിശുസംരക്ഷണ ഓഫീസർ ഡോ. ജയന്തി പി. നായർ, ചൈൽഡ് ലൈൻ സൂപ്പർവൈസർ ദീപക് എന്നിവരും പങ്കെടുത്തു.
District News
ചെറായി: പോർച്ചുഗലിൽ ജോലി തരപ്പെടുത്താം എന്ന വ്യാജേനെ അമ്പതോളം പേരിൽനിന്ന് ലക്ഷങ്ങൾ തട്ടിയ സംഘത്തിലെ ചെറായി സ്വദേശിനിയായ യുവതിയുടെ വീട്ടിലേക്ക് തട്ടിപ്പിനിരയായവർ പണം ആവശ്യപ്പെട്ട് മാർച്ച് നടത്തി. ഇന്നലെ വൈകുന്നേരം ആണ് സംഭവം. സംഘത്തിൽപ്പെട്ട ചെറായി തിരുമ നാംകുന്ന് സ്വദേശിനി നീതുവിന്റെ വീട്ടിലേക്കാണ് മാർച്ച് നടത്തിയത്.
വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടിയതോടെ സംഭവം അറിഞ്ഞു മുനമ്പം പോലീസ് സ്ഥലത്തെത്തി. വീട്ടിൽ നീതുവിന്റെ പിതാവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ളവരാണ് തട്ടിപ്പിനിരയായവർ . തട്ടിപ്പിലെ പ്രധാനി, ചമ്പക്കര സ്വദേശി റോബിൻ എന്നയാളാണെന്ന് ഇരകൾ ആരോപിക്കുന്നു. റോബിനും നീതുവും ദുബായിൽ ആണ്. 2019 മുതലാണ് ഇവർ പോർച്ചുഗലിലേക്ക് തൊഴിലാളികളെ അനധികൃതമായി റിക്രൂട്ട് ചെയ്തു തുടങ്ങിയതെന്നും ഡെപ്പോസിറ്റ് തുകയായി പലരുടെ പക്കൽനിന്നും ലക്ഷങ്ങൾ ഇവർ കൈപ്പറ്റിയെന്നുമാണ് ആരോപണം. നേരിട്ട് ഇവരുടെ അക്കൗണ്ടുകളിൽ പണം ട്രാൻസ്ഫർ ചെയ്യിപ്പിക്കാതെ മറ്റു ചിലരുടെ അക്കൗണ്ടിലേക്ക് പണം അയപ്പിച്ചാണ് സംഘം തട്ടിപ്പ് നടത്തിയിരിക്കുന്നതെന്ന് പറയപ്പെടുന്നു.
ഇരകൾ പറയുന്നത്: പണം വാങ്ങിയശേഷം എല്ലാവരെയും വിസിറ്റിംഗ് വിസയിൽ ദുബായിൽ കൊണ്ടുപോയി അവിടെ ഒരു സ്ഥാപനത്തിൽ രണ്ടുമാസം ട്രെയിനിംഗ് എന്ന പേരിൽ ജോലി ചെയ്യിപ്പിച്ചു. ദുബായിൽ പോകാൻ ചെലവായ പണം തിരിച്ചു തരാമെന്ന വാഗ്ദാനത്തിലാണ് എല്ലാവരും ദുബായിലെത്തിയത്. ഇതിനിടെ പോർച്ചുഗലിൽ ജോലിക്കായി ദുബായിൽ തന്നെയുള്ള പല മലയാളികളുടെയും പക്കൽനിന്നും നീതു പറഞ്ഞിട്ട് പണം വാങ്ങി നൽകി.
രണ്ടുമാസം കഴിഞ്ഞിട്ടും തൊഴിലെടുത്ത ശമ്പളമോ പോർച്ചുഗലിലേക്ക് പോകാനുള്ള വിസയോ ലഭിക്കാതെ വന്നപ്പോൾ ഞങ്ങൾ ചോദ്യം ചെയ്തു. ഇതോടെ തട്ടിപ്പ് സംഘം മാനസികവും ശാരീരികവുമായി പീഡിപ്പിക്കാൻ തുടങ്ങി. ഇതിനിടെ കുറേപേർ നാട്ടിലേക്ക് തിരിച്ചു പോരുകയും മുനമ്പം ഉൾപ്പെടെ വിവിധ പോലീസ് സ്റ്റേഷനുകളിൽ പരാതി നൽകുകയും ചെയ്തു. എന്നാൽ പറവൂർ പോലീസ് ഒഴികെ മറ്റൊരിടത്തും പോലീസ് കേസെടുത്തില്ല.
ഇതേതുടർന്നാണ് എല്ലാവരും സംഘടിച്ച് ചെറായിയിൽ എത്തുകയും നീതുവിന്റെ വീട്ടിലേക്ക് മാർച്ച് നടത്തുകയും ചെയ്തത്. കൂടാതെ ഇരകൾ സംഘത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.
നീതുവിനും റോബിനും എതിരെ പറവൂരിൽ കേസ്
ചെറായി : പോർച്ചുഗലിൽ വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ സംഘത്തിലെ ചെറായി സ്വദേശി നീതു (33), ചമ്പക്കര സ്വദേശി റോബിൻ (48) എന്നിവർക്കെതിരെ 2025 നവംബർ 17ന് പറവൂർ സ്റ്റേഷനിൽ കേസ് എടുത്തിട്ടുള്ളതായി പോലീസ് അറിയിച്ചു. പറവൂർ ഏഴിക്കര ആയപ്പിള്ളി പടി ശ്രീലക്ഷ്മി നൽകിയ പരാതിയിലാണ് കേസ് എടുത്തിട്ടുള്ളത്.
കൂട്ടാളികളായ അമൽ, അനുപ്രിയ എന്നിവരും കേസിലെ പ്രതികളാണ്. ഭർത്താവിനു പോർച്ചുഗലിൽ വിസ റെഡിയാക്കാം എന്ന് പറഞ്ഞു 5.75 ലക്ഷം തട്ടിയെടുത്തുവെന്നാരോപിച്ചാണ് ശ്രീലക്ഷ്മി പരാതി നൽകിയത്. ഇതിൽ നാളിതുവരെ മറ്റു നടപടികൾ ഒന്നും ഉണ്ടായിട്ടില്ല.
District News
കൊച്ചി: തേവര സേക്രഡ് ഹാർട്ട് കോളജിലെ പൂർവവിദ്യാർഥിയായ മുഖ്യമന്ത്രി വി. ഡി. സതീശനു കോളജിൽ ഊഷ്മള വരവേൽപ്. സേക്രഡ് ഹാർട്ട് കോളജിലെ സ്ത്രീവിദ്യാഭ്യാസത്തിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന "ഹാർട്ടിയൻ വിമൺ ഹെൽത്ത് സമ്മിറ്റി'ന്റെ ഉദ്ഘാടനത്തിനെത്തിയപ്പോഴാണ്, പഴയ സഹപാഠികളെയും അധ്യാപകരെയും സാക്ഷിയാക്കി മുഖ്യമന്ത്രിക്ക് സ്വീകരണം നൽകിയത്.
മുഖ്യമന്ത്രിക്ക് അദ്ദേഹത്തിന്റെ പ്രിയ അധ്യാപകനായിരുന്ന ഫാ. ഓസ്റ്റിൻ മുളേരിക്കൽ രണ്ട് പുസ്തകങ്ങൾ സമ്മാനിച്ചത് ചടങ്ങിലെ ശ്രദ്ധേയ നിമിഷങ്ങളിലൊന്നായി.വിദ്യാർഥിയായിരുന്ന കാലത്ത് പാഠം പഠിപ്പിച്ച അധ്യാപകനിൽ നിന്ന് വർഷങ്ങൾക്കുശേഷം വീണ്ടും പുസ്തകങ്ങൾ ഏറ്റുവാങ്ങാനായതു അഭിമാനനിമിഷമാണെന്നു മുഖ്യമന്ത്രി പറഞ്ഞു.
കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സംസാരിച്ച ഗവ.ചീഫ് വിപ്പ് അപു ജോൺ ജോസഫ് കോളജിലെ വിദ്യാർഥി ജീവിതത്തിന്റെ ഓർമകൾ പങ്കുവച്ചും പാട്ടുപാടിയുമാണ് വേദിവിട്ടത്.
എസ് എച്ച് ഇൻസ്റ്റിറ്റ്യൂഷൻസ് മാനേജർ ഫാ. വർഗീസ് പുതുശേരി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. ഫ്രാങ്ക്ളിൻ ജോൺ, മേയർ അഡ്വ. വി.കെ. മിനിമോൾ, ടി. ജെ. വിനോദ് എംഎൽഎ, ഫാ. ഓസ്റ്റിൻ മുളരിക്കൽ, ഡോ.റോബി ചെറിയാൻ, ഡോ. എസ്. സ്മിത എന്നിവർ പ്രസംഗിച്ചു.
സ്ത്രീകൾക്ക് ആത്മവിശ്വാസം പകരാൻ സമൂഹത്തിനു ചുമതല: വി. ഡി. സതീശൻ
കൊച്ചി: ജീവിതത്തെ അചഞ്ചലമായി നേരിടാൻ സ്ത്രീകൾക്ക് ആത്മവിശ്വാസം കൊടുക്കേണ്ട ചുമതല സമൂഹത്തിനാണെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ. കുടുംബത്തിൽ എന്ത് പ്രതിസന്ധി ഉണ്ടായാലും അത് ഏറ്റവും ആദ്യവും മോശവുമായി ബാധിക്കുക വീട്ടിലെ സ്ത്രീകളെയാണ്. പെൺകുട്ടികൾ ഇന്ന് എല്ലാ മേഖലയിലും ഒന്നാമതാണ്, ഇനിയും അവർ മുന്നോട്ട് വരണം.
പെൺകുട്ടികൾ കുടുംബത്തിന്റെ മാത്രം സ്വപ്നമല്ല, ഈ നാടിന്റെ കൂടി സ്വപ്നം ആണ്. അത്തരം സ്വപ്നങ്ങൾക്ക് കരുത്ത് പകരാൻ ഹാർട്ടിയൻ ഹെൽത്ത് സമ്മിറ്റ് പോലുള്ള പദ്ധതികൾക്ക് ആകുമെന്നും മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.
സ്ത്രീകളുടെ ആരോഗ്യം, പ്രതിരോധ ചികിത്സ, ആരോഗ്യ അവബോധം, ആരോഗ്യരംഗത്തെ സഹകരണം എന്നിവ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള സമ്മിറ്റ്.
പബ്ലിക് റിലേഷൻസ് കൗൺസിൽ ഓഫ് ഇന്ത്യ-യംഗ് കമ്യൂണിക്കേറ്റേഴ്സ് ക്ലബ് എസ് എച്ച് കോളജ് ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കൊച്ചിയുടെ സഹകരണത്തോടെയാണ് സംഘടിപ്പിക്കുന്നത്. 25നു സമാപിക്കും.
District News
ഫോർട്ടുകൊച്ചി: തുടര്‍ച്ചയായ പവര്‍ക്കട്ടില്‍ പ്രതിഷേധിച്ച് വൈദ്യുതി ഓഫീസില്‍ യുവാവിന്റെ പരാക്രമം. ഫോര്‍ട്ടുകൊച്ചി വൈദ്യുതി ഓഫീസിൽ വ്യാഴാഴ്ച രാത്രി 11ഓടെ ആയിരുന്നു സംഭവം. പലതവണ കൂടുതല്‍തവണ വൈദ്യുതി വിതരണം തടസപ്പെട്ടതാണ് യുവാവിനെ പ്രകോപിതനാക്കിയത്.
ഓഫീസിലെത്തിയ യുവാവ് ഈസമയം ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരെ അസഭ്യം പറയുകയും ഓഫീസിലേക്ക് വരുന്ന ഫോണ്‍ എടുക്കാന്‍ അനുവദിക്കാതെ ഫോണ്‍ യുവാവ് തന്നെയെടുത്ത് മോശമായി സംസാരിക്കുകയുമായിരുന്നു. തുടര്‍ന്ന് ഓഫീസ് വളപ്പില്വച്ചിരുന്ന ചെടിച്ചട്ടികള്‍ എടുത്തെറിഞ്ഞ് തകര്‍ക്കുകയും ചെയ്തു.
രാത്രികാലങ്ങളിലെ തുടര്‍ച്ചയായ പവര്‍കട്ടുമൂലം കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ഉറങ്ങാന്‍പോലും കഴിയുന്നില്ലെന്ന് ആക്രോശിച്ചായിരുന്നു യുവാവിന്റെ പരാക്രമം. സംഭവത്തില്‍ കെഎസ്ഇബി ഫോര്‍ട്ടുകൊച്ചി അസി.എന്‍ജിനീയര്‍ മരിയ നിഷല്‍ പോള്‍ നല്കിയ പരാതിയില്‍ ഫോര്‍ട്ടുകൊച്ചി പോലീസ് ജീവനക്കാരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് സംഭവത്തിൽ കേസെടുത്തു.
രാത്രികാലങ്ങളിലെ തുടര്‍ച്ചയായ പവര്‍കട്ട് വലിയ പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്.
District News
മൂവാറ്റുപുഴ: എട്ടുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ ബന്ധുവായ പ്രതിക്ക് 55 വര്‍ഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് മൂവാറ്റുപുഴ പോക്സോ കോടതി. പോത്താനിക്കാട് മാവുടി പള്ളിക്കപ്പറമ്പില്‍ ബിജുവിനാണ് (45) മൂവാറ്റുപുഴ പോക്സോ കോടതി ജഡ്ജി എ. സമീര്‍ 3,75,000 രൂപ പിഴയും 55 വര്‍ഷം കഠിന തടവും വിധിച്ചത്.
2017 ഡിസംബറിലാണ് പെണ്‍കുട്ടിയെ പ്രതി പീഡനത്തിരയാക്കിയത്. പോത്താനിക്കാട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് പോക്സോ കോടതി കണ്ടെത്തുകയായിരുന്നു. പ്രോസിക്യൂഷനായി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.ആര്. ജമുന ഹാജരായി.
District News
കൊച്ചി: പെണ്‍കുട്ടികളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത പോലീസുകാര്‍ക്ക് നേരെ ആക്രമണം. പോലീസിനെ ആക്രമിച്ച സംഭവത്തില്‍ ഇടുക്കി തങ്കമണി പാണ്ടിപ്പാറ കൊട്ടുകൊട്ടിയില് വീട്ടില്‍ ജസ്റ്റിന് കുര്യനെയാണ് (28) എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്.
ഫോര്‍ട്ടുകൊച്ചി ഇന്‍സ്പെക്ടര്‍ കെ. സി രതീഷിന്റെ ഇടതു കൈയിലാണ് ജസ്റ്റിന് കടിച്ച് പരിക്കേല്‍പ്പിച്ചത്. രതീഷ് എറണാകുളം വെസ്റ്റ് സബ് ഡിവിഷനില്‍ ഡ്യൂട്ടി ചെയ്യുകയായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ 1.50ന് കലൂര്‍ ജംഗ്ഷനിലായിരുന്നു സംഭവം. സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിനും പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും ദേഹോപദ്രവം ഏല്‍പ്പിച്ചതിനുമാണ് അറസ്റ്റ്.
കലൂര്‍ ജംഗ്ഷനില്‍ നാല് യുവതികളെ ശല്യപ്പെടുത്തുന്നുവെന്ന വിവരത്തെതുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തിയത്. ജസ്റ്റിന് പോലീസിനോട് കയര്‍ത്തു സംസാരിച്ചു. ഇയാളെ പോലീസ് ജീപ്പില്‍ കയറ്റാന്‍ ശ്രമിച്ചപ്പോള്‍ രതീഷിനെയും കൂടെയുള്ള പോലീസുകാരെയും ചവിട്ടി. തുടര്‍ന്ന് രതീഷിന്റെ ഇടതുകൈയുടെ തള്ളവിരലിനും ചൂണ്ടുവിരലിനുമിടയില്‍ കടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു.
പ്രതി ലഹരി ഉപയോഗിച്ചിരുന്നതായി സംശയിക്കുന്നുവെന്ന് എറണാകുളം നോര്‍ത്ത് പോലീസ് പറഞ്ഞു. ഇയാളെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.
District News
കൊച്ചി: സംസ്ഥാനത്തെ ഭൂസംബന്ധമായ നിയമങ്ങള്‍ കാലാനുസൃതമായി പരിഷ്കരിക്കുന്നതിന് വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് റവന്യൂ മന്ത്രി എ.പി. അനില്‍കുമാര്‍ പറഞ്ഞു. എറണാകുളം ഡിസിസി ഓഫീസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിലെ ഭൂപ്രശ്നങ്ങള്‍ക്ക് ദശാബ്ദങ്ങളുടെ പഴക്കമുണ്ടെന്നും ഭൂപരിഷ്കരണം കേരളത്തില്‍ വലിയ സാമൂഹിക മുന്നേറ്റത്തിന് വഴിയൊരുക്കിയെങ്കിലും കാലക്രമേണ പല നിയമങ്ങളും അപ്രസക്തമായ സാഹചര്യമാണുള്ളതെന്നും മന്ത്രി പറഞ്ഞു.
ഏതെല്ലാം നിയമങ്ങളില്‍ മാറ്റം വേണം, പട്ടയം ലഭിക്കുന്നതിന് നിലവിലുള്ള തടസങ്ങള്‍ എന്തൊക്കെയാണ്, ഭൂമിയുടെ ലഭ്യത വര്‍ധിപ്പിക്കാന്‍ എന്ത് നടപടികള്‍ സ്വീകരിക്കാം തുടങ്ങിയ വിഷയങ്ങള്‍ വിദഗ്ധ സമിതി പഠിച്ച് ശിപാര്‍ശകള്‍ സമര്‍പ്പിക്കും. ആദിവാസി മേഖലകള്‍ക്ക് ഭൂപരിഷ്കരണ നിയമത്തിന്റെ ഗുണം വേണ്ടത്ര ലഭിച്ചിട്ടില്ലെന്നും, സമൂഹത്തിലെ പിന്നാക്കവിഭാഗങ്ങള്‍ക്ക് ഭൂമി ലഭ്യമാക്കുന്നതുള്‍പ്പെടെ വലിയ മാറ്റങ്ങള്‍ക്ക് പുതിയ പരിഷ്കരണങ്ങളിലൂടെ വഴിയൊരുക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ഡിസിസിയില്‍ നടന്ന സ്വീകരണ യോഗത്തില്‍ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു. ടി.ജെ.വിനോദ് എംഎല്‍എ, യുഡിഎഫ് ജില്ലാ ചെയര്മാന് ഡൊമിനിക് പ്രസന്റേഷന്, അജയ് തറയില്‍, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. ബി.എ.അബ്ദുള്‍ മുത്തലിബ്, ഐ.കെ.രാജു, അഡ്വ. ദീപ്തി മേരി വര്‍ഗീസ്, എം.ആര്. അഭിലാഷ്, മുന്‍ എംപി ചാള്‍സ് ഡയസ് തുടങ്ങിയവര്‍ സംബന്ധിച്ചു.